kerala

അദാനി ബന്ധം അറിഞ്ഞില്ലെന്ന് കോടിയേരിയും

By chandrika

August 23, 2020

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വിവാദത്തിലെ അദാനി ബന്ധം അറിഞ്ഞില്ലെന്ന് മന്ത്രി ഇ പി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. കരാറിലെ ഏജന്‍സിക്ക് അദാനി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. വിമാനത്താവള ബിഡിനുളള നിയമവശമാണ് ഏജന്‍സി നല്‍കിയതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അദാനിയുമായി ബന്ധമുളള കമ്പനി സ്വയം ഒഴിയേണ്ടതായിരുന്നു. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തില്ലെന്ന് പരിശോധിക്കണം. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്ക്കണം, ഒന്നിച്ചെതിര്‍ത്താല്‍ അദാനിക്ക് പിന്‍മാറേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, അദാനിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് തിരുവനന്തപുരം വിമാനത്താവള വിവാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും കാടിയേരി ആരോപിച്ച്. ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മില്‍ ഒരു ബന്ധവുമില്ല. പുതിയ വിവാദം അദാനിയെ സഹായിക്കാനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് വിവാദത്തിലും ലൈഫ് മിഷന്‍ തട്ടിപ്പിനും വെട്ടിലായ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നാലെ വിമാനത്താവള സ്വകാര്യവത്കരണത്തിലും പ്രതിരോധത്തിലായിരിക്കുകയാണ്. വിമാനത്താവളത്തിലെ ലേലനടപടികള്‍ക്കായി അദാനിയുടെ ഉറ്റബന്ധുവിനോട് നിയമോപദേശം തേടിയതാണ് ഇടതുമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും പ്രതിക്കൂട്ടില്‍ നില്‍ക്കവെയാണ് വിമാനത്താവള വിവാദവും സര്‍ക്കാരിനെ പിന്തുടരുന്നത്.

വിമാനത്താവള സ്വകാര്യവത്ക്കരണത്തെയും അദാനിയെയും എതിര്‍ക്കുമ്പോള്‍ ഗൗതം അദാനിയുടെ മകന്റെ ഭാര്യ പിതാവിനോട് ആലോചിച്ച് ലേല നടപടികളിലേക്ക് പോയത് വിശദീകരിക്കാന്‍ ഇടതുമുന്നണി നന്നേ വിയര്‍ക്കും. വിമാനത്താവളത്തിന് വേണ്ടി ലേലതുക നിശ്ചയിച്ചത് അദാനിയുടെ മരുമകളുടെ കമ്പനിയല്ലെന്ന് പറയുമ്പോഴും ലേലനടപടികള്‍ എല്ലാം ആ കമ്പനിക്ക് അറിയാമായിരുന്നുവെന്നതും ഇടതുമുന്നണിയെ വെട്ടിലാക്കുന്നു.