kerala

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

By Akhila

January 26, 2026

കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. കണ്ണൂരിലാണ് സംഭവം. രാവിലെ എട്ടരയോടെ തന്നെ മന്ത്രി എത്തിയിരുന്നു. സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതിനിടെയായിരുന്നു സംഭവം. കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും മന്ത്രി കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടന്‍ പൊലീസുകാരും വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാവിലെയുള്ള വെയില്‍ കൊണ്ടതാവാം കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് നിഗമനം. അതേസമയം, മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.