Culture

അയല്‍വാസിയായ മന്ത്രി പോലും കൈയൊഴിഞ്ഞതായി പിതാവ്

By chandrika

April 03, 2017

കൊച്ചി: കൊച്ചി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷംന തസ്‌നീം മരിക്കാനിടയായ സംഭവത്തില്‍ എട്ടു മാസമായിട്ടും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരാനായിട്ടില്ലെന്ന് പിതാവ് കെ.എ അബൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അയല്‍വാസിയായ തങ്ങളെ മന്ത്രിപോലും കൈയൊഴിഞ്ഞതായി പിതാവ് ചൂണ്ടിക്കാട്ടി. മെരിറ്റില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ കിട്ടിയ തന്റെ മകള്‍ക്ക് ചെറിയ പനിയുണ്ടായി ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് പത്തു മിനിട്ടിനകം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചു. എന്നാല്‍ മരണം മറച്ചു വച്ച് ആലുവാ രാജഗിരി ആസ്പത്രിയില്‍ കൊണ്ടുപോയി മണിക്കൂറുകളോളം ചികില്‍സിച്ചു എന്ന പേരില്‍ തന്റെ പക്കല്‍ നിന്നും ഒന്‍പതിനായിരം രൂപ ബില്ലായി ഈടാക്കി. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ചികില്‍സയുടെ അപാകതയാണ് മരണ കാരണം. ഇതിനുത്തരവാദികളായവരെ സംരക്ഷിക്കുകയാണ്. മരിച്ച മകളെ വിദഗ്ധ ചികില്‍സക്ക് പറഞ്ഞയച്ച ഡോക്ടര്‍മാരെയും പ്രിന്‍സിപ്പലിനെയും സൂപ്രണ്ടിനെയും ആര്‍.എം.ഒ യേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണം. രാജഗിരി ആസ്പത്രിക്കെതിരെ നടപടി വേണം- കണ്ണൂര്‍ സ്വദേശിയായ കെ.എ അബൂട്ടി പറഞ്ഞു. മകള്‍ ഷംന മരണപ്പെട്ടതിന് സര്‍ക്കാരിന്റെ ഒരു സാമ്പത്തിക ആനുകൂല്യവും തനിക്കാവശ്യമില്ല. മൂന്നുലക്ഷം രൂപ ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തനിക്ക് അനുവദിച്ചതായി തലശ്ശേരി തഹ്‌സില്‍ദാര്‍ അറിയിച്ചു. ഈ തുക സര്‍ക്കാരിലേക്ക് മടക്കി അയക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അബൂട്ടി പറഞ്ഞു.