വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്‍.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്. ‘ദേശീയ സുരക്ഷ’ ഉറപ്പാക്കാനും ‘സുതാര്യത’ വര്‍ധിപ്പിക്കാനുമാണ് നിയമനിര്‍മാണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന പൊതുസമൂഹത്തെയും രാജ്യത്തിന്റെ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെയും ഈ നിയമം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെ പൊടുന്നനെ സംശയനിഴലിലാക്കിയിരിക്കയാണ് നിയമഭേദഗതി.
വിദേശഫണ്ട് ദുരുപയോഗം തടയാന്‍ നിയമങ്ങളുണ്ടായിരിക്കെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായ വിദേശ ഇടപെടലുകള്‍ തടയുക എന്നത് ഏതൊരു പരമാധികാര രാഷ്ട്രത്തിന്റെയും അനിവാര്യതയാണ്. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക സേവനങ്ങളുടെയും ശ്വാസം മുട്ടിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ലൈസന്‍സ് പുതുക്കുന്നതിലെ കാലതാമസവും അപ്രതീക്ഷിതമായ റദ്ദാക്കലുകളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.
പുതിയ വ്യവസ്ഥകള്‍ പ്രകാരം, ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ അല്ലെങ്കില്‍ കൃത്യസമയത്ത് പുതുക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍, അതിന്റെ ആസ്തികള്‍ താല്‍ക്കാലികമായോ സ്ഥിരമായോ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. പ്രധാനമായും ഇത് പണത്തെ മാത്രമല്ല, ഭൂമി, കെട്ടിടങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെയും ബാധിക്കും. അവ ഭാഗികമായി മാത്രം വിദേശഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെങ്കില്‍ പോലും. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പല ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കമ്യൂണിറ്റി ആസ്തികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നതാണ് ബില്ല്.
ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഈ നിയമം സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ ഗൗരവതരമാണ്. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ പോലും വിദ്യാഭ്യാസവും ചികിത്സയും എത്തിക്കുന്നതില്‍ ഈ സമുദായങ്ങളുടെ കീഴിലുള്ള എന്‍.ജി.ഒകള്‍ വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല. രാജ്യത്ത് 15,010 സംഘടനകള്‍ക്കാണ് എഫ്.സി.ആര്‍. ഐ ലൈസന്‍സുള്ളത്. ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍.ജി.ഒകളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്ര സര്‍ക്കാരിന് കൈവശപ്പെടുത്താം. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍പോലും ലൈസന്‍സ് പുതുക്കാതിരിക്കാം. പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പള്ളിയോ, മറ്റു സ്ഥാപനങ്ങളോ പിടിച്ചെടുക്കാം. മുന്‍കാല പ്രാബല്യത്തോടെ വ്യവസ്ഥ നടപ്പാക്കാമെന്നും ബില്ലിലുണ്ട്.
വിദേശരാജ്യങ്ങളില്‍ കഴിയുന്ന സഭാവിശ്വാസികള്‍ നേര്‍ച്ചയായി നല്‍കുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇത്തരം ഫണ്ടുകള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്. ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ കണക്കും രേഖകളുമുണ്ട്. വിദേശ ഫണ്ടുകളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആശുപത്രികളും സ്‌കൂളുകളും തകര്‍ക്കാന്‍ ഈ നിയമം ആയുധമാക്കപ്പെടുമോ എന്ന ഭീതി വ്യാപകമാണ്. പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയും സ്‌കോളര്‍ഷിപ്പുകളും മുടങ്ങാന്‍ ഈ നിയന്ത്രണങ്ങള്‍ കാരണമാകും.
മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിര്‍പ്പിനിടയിലും ബില്‍ ഇന്ന് പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ഇന്നത്തെ റിവേഴ്‌സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസില്‍ ഉള്‍പ്പെടുത്തിയ തോടെയാണ് ബില്‍ ലോക്‌സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്. നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബില്‍ അവതരിപ്പിച്ച സമയവും ഇതിന് മുന്‍പായി കൂടിയാലോചനകള്‍ നടക്കാത്തതും ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നിര്‍ണായക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എം.പിമാര്‍ അവരുടെ സംസ്ഥാനങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിനില്‍ക്കുന്ന തക്കം നോക്കി പ്രതിപക്ഷ കക്ഷി പ്രതിനിധികളുടെ അഭാവത്തില്‍ നിര്‍ണായക ഭേദഗതികള്‍ ചുട്ടെടുക്കുകയാണ്.
സുതാര്യത കൊണ്ടുവരേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ അത് സേവന പ്രവര്‍ത്തനങ്ങളുടെ കുഴിമാടത്തിന് മുകളിലാകരുത്. വിദേശ പണം എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമായിരിക്കെ, കടുത്ത നിയമങ്ങള്‍ വഴി സന്നദ്ധ സംഘടനകളെ തളച്ചിടുന്നത് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യം മാത്രമല്ല, മറിച്ച് വിയോജിപ്പുകളെയും വൈവിധ്യമാര്‍ന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെയും ചേര്‍ത്തുപിടിക്കല്‍ കൂടിയാണ്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പൊതുസമൂഹവുമായും മത-സാമൂഹിക നേതാക്കളുമായും തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണം. സുരക്ഷയുടെ പേരില്‍ സേവനത്തിന്റെ വാതിലുകള്‍ അടഞ്ഞുപോകാതിരിക്കട്ടെ.