kerala

കാണാതായ യുവാവ് മരിച്ച നിലയിൽ; ആറന്മുള സത്രക്കടവിൽ മൃതദേഹം കണ്ടെത്തി

By webdesk14

October 17, 2023

പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില്‍ കണ്ടെത്തി. വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജിയുടെ (24) മൃതദേഹം ആറന്മുള സത്രക്കടവിലാണ് കണ്ടെത്തിയത്. ഈ മാസം ഒന്നിന് സുഹൃത്തിനൊപ്പം പോയ സംഗീതിനെ പിന്നീട് കാണാതാകുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നു മലയാലപ്പുഴ പൊലീസ് അറിയിച്ചു. വിദേശ പഠനത്തിനായി വിസ കാത്തിരുന്ന സംഗീതിനെ ഒക്ടോബര്‍ ഒന്നിനു രാത്രി മുതലാണു കാണാതായത്. കൂട്ടുകാരന്‍ പ്രദീപിനൊപ്പം വടശേരിക്കയില്‍ പോയശേഷം ഇടത്തറ മുക്കിലെ കടയില്‍ സാധനം വാങ്ങാന്‍ ചെന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇവിടെ വച്ചാണു സംഗീതിനെ കാണാതായത്.

ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. സംഗീതിനെ പൊലീസും ഫയര്‍ഫോഴ്‌സും ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. സം?ഗീതിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം എസ്പിക്ക് പരാതി നല്‍കിയിരുന്നു.