ന്യൂഡല്‍ഹി: പിന്‍വലിച്ച 1000 രൂപയുടെ നോട്ടിന് പകരമായി പുതുതായി പുറത്തിറക്കിയ പിങ്ക് നിറത്തിലുള്ള 2000 നോട്ടിലും പിഴവെന്ന് റിപ്പോര്‍ട്ട്. നോട്ടിന്റെ പിന്‍ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ നല്‍കിയിരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് തെറ്റ്. നോട്ടിന്റെ പിന്‍ഭാഗത്ത് രണ്ട് അക്ഷരത്തെറ്റാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രണ്ടിടങ്ങളിലായി ‘ദോ ഹസാര്‍ റൂപ്പായ്’ എന്ന് ദേവനാഗരിക ലിപിയില്‍ എഴുതിയിരിക്കുന്ന ലിപിയില്‍ ‘ദോ’ എന്നത് ‘ദോണ്‍’ എന്ന് കാണുന്നതാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനൊപ്പം നോട്ടിലെ ഉറുദു ലിപിയിലും തെറ്റ് വന്നിട്ടുണ്ട്.

നോട്ടില്‍ ദേവനാഗരിക ലിപിയില്‍ സംഖ്യ രേഖപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു നീക്കം ഇതാദ്യമാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്നും ഇത് ഭരണഘടനാവിരുദ്ധവുമാണെന്നും ഒരു വിഭാഗം ഗവേഷകര്‍ പറഞ്ഞു. അതേസമയം നീണ്ട വരിനിന്നതിന് ശേഷം ലഭിക്കുന്ന രണ്ടായിരം രൂപ ചിലവാക്കാനും പ്രയാസമാകുന്നുണ്ട്. ചില്ലറ ഇല്ലാത്തതിനാല്‍ പലരും ഇത് മടക്കുന്നു. ഇനി ചില്ലറ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പറ്റുന്നില്ല.