Culture

മന്ത്രി അക്ബറിനെതിരെ വനിതാ മന്ത്രിമാര്‍; നൈജീരിയന്‍ സന്ദര്‍ശനം ചുരുക്കി രാജിവെക്കാന്‍ നിര്‍ദ്ദേശം

By chandrika

October 11, 2018

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ കേന്ദ്രമന്ത്രി എം.കെ അക്ബറിനെതിരെ മന്ത്രി സ്മൃതി ഇറാനി. ആരോപണത്തിന് മന്ത്രി മറുപടി പറയണമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്കിരയാക്കരുത്. പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിയുമെന്നും സ്മൃതി ഇറാനി പറഞ്ഞു. നിലവില്‍ നൈജീരിയന്‍ സന്ദര്‍ശനത്തിലാണ് മന്ത്രി. മന്ത്രിയോട് യാത്ര വെട്ടിച്ചുരുക്കാനും ഇന്ത്യയില്‍ തിരിച്ചെത്താനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഞായറാഴ്ച്ച തിരികെയെത്തുന്ന അക്ബറിനോട് നേതൃത്വം രാജി ആവശ്യപ്പെടുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ലൈംഗിക ആക്രമണം തുറന്നുപറഞ്ഞത്. ഇത് വിവാദമാവുകയായിരുന്നു.

‘അക്ബറിനെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷന്‍മാര്‍ പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലായിടങ്ങളിലും പീഡനം നിലനില്‍ക്കുന്നു. ഇപ്പോള്‍ സ്ത്രീകള്‍ അത് തുറന്നു പറയാന്‍ തയാറായിട്ടുണ്ട്. നാം അത് ഗൗരവമായി പരിഗണിക്കണം’മേനക ഗാന്ധി പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ സമൂഹം തങ്ങളെ കുറിച്ച് എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്ത്രീകള്‍. ഇപ്പോള്‍ അവര്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും മേനക ആവശ്യപ്പെട്ടു.

അക്ബറിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബി.ജെ.പി നേതാവാണ് മേനക. നേരത്തെ, വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനോട് വിഷയത്തില്‍ പ്രതികരണം ചോദിച്ചുവെങ്കിലും മന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.