തിരുവനന്തപുരം: ഭസ്മാസുരന് വരം നല്‍കിയ പരമശിവന്റെ അവസ്ഥായാകും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വളരെ സമാധാനപരമായാണ് മുന്നോട്ടു പോകുന്നത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതോടെ സഹകരണത്തില്‍ പോകുന്ന ഇവര്‍ക്കിടയില്‍ സ്പര്‍ധ വളരും. ഐ.ജിയെ തരംതാഴ്ത്തി എസ്.പിയുടെ പോസ്റ്റിലാക്കിയതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. പൊലീസിനെ കുറ്റം പറയാന്‍ ഉദ്ദേശമില്ല. എന്നാല്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് പൊലീസില്‍ അച്ചടക്കരാഹിത്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ്. ആരോപണ വിധേയനായ ഒരു എസ്.പിക്കെതിരെ മേജര്‍ രവിയുടെ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. അവര്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. അതുപോലെ തന്നെ പൊലീസിലുള്ള വ്യക്തി തന്നെ പൊലീസുകാരിയെ കൊലപ്പെടുത്തിയിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പൊലീസ് തന്നെ അന്വേഷിച്ച് ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോള്‍ സുരക്ഷ എന്ന സംവിധാനത്തിന്റെ നിര്‍വചനത്തിന് എതിരായി അത് മാറുമെന്നതില്‍ സംശയമില്ല. അതുകൊണ്ടായിരിക്കാം പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ സി.പി.ഐയും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
കമ്മീഷണറേറ്റ് ഉണ്ടാക്കുന്നതിലൂടെ നമ്മുടെ നഗരങ്ങള്‍ സുരക്ഷിതമല്ല എന്ന കുറ്റസമ്മതമാണ് സര്‍ക്കാര്‍ നടത്തുന്നത്. ധാരാളം കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കൂടിയിരുന്നത് അതിന് എത്രയും വേഗം പരിഹാരം കാണാന്‍ വഴിയുണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ ഈ കാരണം പറഞ്ഞുകൊണ്ട് പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതുകൊണ്ട് ഉണ്ടാകാന്‍ പോകുന്ന അപകടം വളരെ വലുതാണ്. മാത്രമല്ല, ഇത് കോടതിയിലിരിക്കുന്ന വിഷയം കൂടിയാണ്. ഡല്‍ഹിയില്‍ കമ്മീഷണറേറ്റ് ഉണ്ടാക്കുന്നതിനെതിരെ സമര്‍പിക്കപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിന് ഒരു അന്തിമവിധി ഉണ്ടാകുന്നതിന് മുന്‍പ് ധൃതിപിടിച്ച് കമ്മീഷണറേറ്റ് നടപ്പിലാക്കുന്നത് എന്തിനാണെന്നും ഇതില്‍ ഒരു പുനര്‍വിചിന്തനത്തിന് മുഖ്യമന്ത്രി തയാറാകണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.