kerala

എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാനുള്ള തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മകള്‍ ആശ ലോറന്‍സ്

By webdesk13

September 26, 2024

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാനുള്ള തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആശ ലോറന്‍സ്. എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കുമെന്ന് കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഉപദേശക സമിതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീല്‍ നല്‍കാനു ആശ ലോറന്‍സിന്റെ തീരുമാനം. ഉപദേശക സമിതിയുടെ തീരുമാനം സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണെന്നും ആശ ആരോപിച്ചു.

ആശ ആദ്യം നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് വിടുന്നത് സംബന്ധിച്ചാണ്് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി രൂപീകരിച്ചത്.

വിഷയത്തില്‍ മെഡിക്കല്‍ കോളേജ് ഉപദേശക സമിതിക്ക് തീരുമാനമെടുക്കാന്‍ ഹൈക്കോടതി അനുവാദവും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ലോറന്‍സിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും മൃതദേഹം വൈദ്യപഠനത്തിന് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

വൈദ്യപഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകന്‍ എം എല്‍ സജീവും, രണ്ട് സാക്ഷികളും ഇതേ നിലപാട് എടുത്തെന്നും മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ലെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ് പറഞ്ഞു. ആശ എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കമ്മിറ്റി അംഗങ്ങള്‍ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് ആശ ലോറന്‍സ് പറഞ്ഞു.