main stories

ശബരിമല: കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഢിത്തമെന്ന് മന്ത്രി എം.എം മണി

By ചന്ദ്രിക വെബ് ഡെസ്‌ക്‌

March 28, 2021

ഇടുക്കി: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഢിത്തമെന്ന് എം.എം മണി. ഖേദപ്രകടനത്തിന് സിപിഎം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടി നയമെന്നും എം.എം മണി പറഞ്ഞു. മീഡിയാവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം.എം മണി കടകംപള്ളിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞത്.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്ന് പറ്റിയത് വിഡ്ഡിത്തമാണെന്ന് പറയാൻ ആർക്കാണ് അധികാരം. ബുദ്ധിമോശം കൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയതെന്നും എം.എം മണി പറഞ്ഞു.

കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടത് നയമെന്ന സിപിഐ നേതാവ് ആനി രാജ പറഞ്ഞതിലും ശരിയുണ്ട്. ഈ വിഷയത്തിൽ ഇടത് മുന്നണിക്ക് ഒരു നിലപാടുണ്ടെന്നും എം.എം മണി വ്യക്തമാക്കി.