film

‘പലരും മുഖംമൂടി ധരിച്ചാണ് സമൂഹത്തില്‍ ജീവിക്കുന്നത് ‘; കളങ്കാവല്‍ സംവിധായകന്‍ ജിതിന്‍ ജോസ്

By webdesk17

December 05, 2025

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’ ഇന്ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. നവാഗതനായ ജിതിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഗണത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായകനായാണ് എത്തുന്നത് എന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. ഇരുപത്തിയൊന്നോളം നായികമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതും വലിയ കൗതുകമാണ്. ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജിതിന്‍ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാകുന്നത്.

മനുഷ്യര്‍ക്കുള്ളിലെ പൈശാചിക വശത്തെയും സമൂഹത്തിന്റെ നിയമവ്യവസ്ഥ നല്‍കുന്ന സംരക്ഷണത്തെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘പൈശാചികമായ വശം എല്ലാവരുടെയുള്ളിലും ഉണ്ടാകും. പക്ഷേ നമുക്ക് അത് ജനറലൈസ് ചെയ്ത് പറയാന്‍ കഴിയില്ല. ‘ബാഡ് സോള്‍’ എന്ന് പറയുന്ന ഒരു വിഭാഗം ആളുകള്‍ സമൂഹത്തില്‍ തന്നെ ഒളിച്ചിരിക്കുന്നു. അവരുടെ ഉള്ളിലെ നെഗറ്റിവിറ്റിയെ തുറന്ന് കാണിക്കാന്‍ കഴിയുന്ന സമൂഹത്തിലല്ല നമ്മള്‍ ജീവിക്കുന്നത്. സാമൂഹ്യ നിയമവ്യവസ്ഥ ഒരു പ്രൊട്ടക്ടീവ് ലെയര്‍ പോലെ അവരില്‍ നിന്നും മറ്റുള്ളവരെ സംരക്ഷിക്കുന്നു,’ എന്നും ജിതിന്‍ ജോസ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം മനുഷ്യരുടെ ഇരട്ട സ്വഭാവത്തെ കുറിച്ചും അഭിപ്രായപ്പെട്ടു. ‘പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ടാണ് നില്‍ക്കുന്നത് എന്ന തോന്നല്‍ എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. എല്ലാവരെയും കുറിച്ചല്ല ഞാന്‍ പറയുന്നത്, ചെറിയ ഒരു വിഭാഗം ആളുകളെക്കുറിച്ചാണ്. എന്നിരുന്നാലും ഓരോ മനുഷ്യരുടെയും ഉള്ളില്‍ അവര്‍ക്കു മാത്രം അറിയാവുന്ന റിയാലിറ്റീസ് ഉണ്ടാകും. എനിക്കറിയാവുന്ന ഞാനും, സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തിന് മുമ്പിലുള്ള ഞാനും വ്യത്യസ്തരാണ്,’ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ‘കളങ്കാവല്‍’ കേരളത്തില്‍ വമ്പന്‍ റിലീസായാണ് എത്തുന്നത്. കേരളത്തിലെ പ്രീസെയില്‍ 2 കോടിയിലേക്ക് കുതിക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ സംസ്ഥാനത്ത് വിറ്റഴിഞ്ഞു. ഗള്‍ഫില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റിലീസായാണ് ചിത്രം എത്തുന്നത്. 144 ലൊക്കേഷനുകളിലാണ് ചിത്രം ഗള്‍ഫില്‍ പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് വേഫറര്‍ ഫിലിംസാണ്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന ഏഴാമത്തെ നിര്‍മ്മാണം കൂടിയാണ്. കേരളത്തിന് പുറത്തും മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫിലും മികച്ച പ്രീസെയില്‍സ് ആണ് ചിത്രം നേടുന്നത്. ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. തമിഴ്‌നാട്ടില്‍ ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. തെലുങ്കില്‍ സിതാര എന്റര്‍ടൈന്‍മെന്റ്‌സ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍ മരുധാര്‍ എന്നിവരാണ് വിതരണക്കാര്‍.