വടകര: മൂന്നാര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നവര്‍ വിവരമില്ലാത്തവരാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വടകരയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

എസ് രാജേന്ദ്രന് മൂന്നാറില്‍ എട്ടുസെന്റ് ഭൂമി മാത്രമേയുള്ളു. അദ്ദേഹം അവിടെ പിറന്നു വളര്‍ന്നവനാണ്. അദ്ദേഹത്തെകുറിച്ച് ഇല്ലാവചനം ആരും പറയേണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്നാറിലെ ഭൂരിഭാഗം സ്ഥലവും കണ്ണന്‍ദേവന്റെ കയ്യിലാണ്. അവിടെ ടൂറിസ്റ്റുകള്‍ വരുന്നത് മാത്രമാണ് ശ്രദ്ധാകേന്ദ്രമാക്കുന്നത്. മൂന്നാര്‍ വിഷയത്തില്‍ മറ്റുതരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തുന്നവരെ വിവരദോഷികള്‍ എന്നേ വിളിക്കാനാകൂ- മണി പറഞ്ഞു.

വിഷയത്തില്‍ വി.എസിന്റെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വിഎസിന് മറുപടി പറയാന്‍ താന്‍ ആളല്ലെന്ന് മന്ത്രി പറഞ്ഞു. അത്തരമൊരു മറുപടി പറഞ്ഞ് വയ്യാവേലിക്ക് താനില്ലെന്നും മന്ത്രി പറഞ്ഞു.