കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജുവാര്യറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലില്‍വെച്ച് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ലെന്നായിരുന്നു വിശദീകരണം. കേസുമായി സംബന്ധിച്ച് ചില കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമായിരുന്നുവെന്നുമാണ് പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടിയാണ് കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം തന്നോട് പറഞ്ഞതെന്ന് മഞ്ജുവാര്യര്‍ മൊഴിയില്‍ പറയുന്നു. നടി തന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ടാണ് വിവരം തന്നോട് അറിയിച്ചത്. 2012 മുതല്‍ കാവ്യയുമായി ദിലീപിന് അടുപ്പം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ പൊട്ടിപ്പെണ്ണ് പറയുന്നതൊന്നും വിശ്വസിക്കരുതെന്നായിരുന്നു ദിലീപിന്റെ മറുപടി. ദിലീപുമായുള്ള കുടുംബജീവതം ഇതോടെ തകര്‍ന്നു. എന്നാല്‍ നടിക്കുനേരെയുള്ള ആക്രമണത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാവരുതെയന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഞ്ജു പറഞ്ഞതായാണ് വിവരം. കൂടാതെ ദിലീപിന്റെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും മഞ്ജു പോലീസിന് വിവരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കുടുംബജീവിതം തകര്‍ന്നതുമൂലമുള്ള വ്യക്തിവൈരാഗ്യമാണെന്ന് പറയുമ്പോഴും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെ തള്ളി നടി രംഗത്തുവന്നെങ്കിലും പോലീസ് അന്വേഷിച്ചുവരികയാണ് വിവരങ്ങള്‍.