ഹ്ലൂഗ്ലി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ ഹ്ലൂഗ്ലിയില്‍ നിര്‍മാണ തൊഴിലാളിയെ സഹപ്രവര്‍ത്തകര്‍ അടിച്ചു കൊന്നു. ഹ്ലൂഗ്ലി ജില്ലയിലെ കമര്‍കുണ്ടുവിലാണ് ദീപക് മഹതോ എന്ന തൊഴിലാളിയെ സഹ തൊഴിലാളികള്‍ അടിച്ചു കൊന്നത്. കമര്‍കുണ്ട് റെയില്‍വേ സ്റ്റേഷനു സമീപം പാത ഇരട്ടിപ്പിക്കല്‍ തൊഴിലില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് താമസിക്കാനായി ഉണ്ടാക്കിയ ടെന്റില്‍ സൂപ്രവൈസര്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ മഹതോ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മഹതോയെ തൂണില്‍ കെട്ടിയിട്ട ശേഷം അതിക്രൂരമായി മണിക്കൂറുകളോളം മര്‍ദ്ദിച്ചതായി സംഭവത്തിന് ദൃക്‌സാക്ഷികളായ തൊഴിലാളികള്‍ പറഞ്ഞു. ആള്‍ക്കൂട്ട കൊലക്ക് കേസ് രജിസ്റ്റര്‍ ചെയ്തതായും ഏഴു പേരെ അറസ്റ്റു ചെയ്തതായും ഹ്ലൂഗ്ലി ജില്ലാ പൊലീസ് സൂപ്രണ്ട് തദാഗത ബസു അറിയിച്ചു.