kerala

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

By webdesk13

November 20, 2023

കോമോറിന്‍ മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ശക്തമായ വടക്ക് – കിഴക്കന്‍ കാറ്റ് തെക്കേ കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുകയാണ്. നവംബര്‍ 22 മുതല്‍ 24 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.

വരും ദിവസങ്ങളില്‍ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ 5 ജില്ലകളിലാണ് അലേര്‍ട്ട്. 22ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. 23ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.