അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വെറുപ്പില്ലെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തനിക്കുനേരെയുള്ള മോദിയുടെ പൊള്ളയായ വിമര്‍ശനങ്ങളാണ് തന്നെകരുത്തനാക്കിയതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഗുജറാത്തിലെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

‘മോദി എന്നെ കരുത്തനാകാന്‍ സഹായിച്ചു. പിന്നെ എങ്ങനെയാണ് ഞാന്‍ മോദിയെ വെറുക്കുക’ രാഹുല്‍ഗാന്ധി ചോദിച്ചു. നെഹ്‌റു-കോണ്‍ഗ്രസ് കുടുംബത്തിലെ പ്രധാനമന്ത്രിമാരെപ്പറ്റി മോദി നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. വെറുക്കുന്നവരെപ്പോലും സ്‌നേഹിക്കണമെന്നാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രം പറയുന്നത്. അതുകൊണ്ട് ഒരു തുള്ളിപോലും വെറുപ്പെനിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇതാണ് കുടുംബത്തിന്റെ സ്വഭാവമെന്നും മഹാത്മാഗാന്ധി കുടുംബത്തിന് നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു.