News

‘ട്രംപ് അല്ലാതെ മോദി പറഞ്ഞിട്ടില്ല’; എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന വാദം തള്ളി റഷ്യ

By webdesk17

February 12, 2026

മോസ്‌കോ: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യ. ട്രംപ് അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് ഇന്ത്യന്‍ നേതാക്കളോ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഊര്‍ജ്ജ കരാറുകള്‍ അപകടത്തിലാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. പകരം അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉപരോധങ്ങളും തീരുവ ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.ഈ വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഏപ്രില്‍ മാസത്തേക്കുള്ള റഷ്യന്‍ എണ്ണ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ കമ്പനികള്‍ വിട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി ട്രംപ് പിന്‍വലിച്ചിരുന്നു. ഇതിന് പകരമായാണ് എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നത്.