ജാസിം അലി

നേട്ടങ്ങളെല്ലാം തന്റെ പേരില്‍ ചേര്‍ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ പുതുമയുള്ള കാര്യമല്ല. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുത്ത് അവസാനം നാണക്കേടിലായ അവസ്ഥയും നിരവധിയാണ്. അത്തരത്തില്‍ അവസാനത്തേതാണ് മഹ്‌റമില്ലാതെ ഹജ്ജിനു പോകാന്‍ അവസരമൊരുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന.

മഹ്‌റമില്ലാതെ ഹജ്ജിനു പോകുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ അവസാന ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കവെയാണ് മോദി വ്യക്തമാക്കിയത്. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു പുരുഷ രക്ഷാകര്‍ത്താവിന് ഒപ്പം മാത്രമേ പോകാന്‍ പാടുള്ളൂ എന്ന നിയമം വിവേചനപരമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി. ഈ വര്‍ഷം 1,300 സ്ത്രീകള്‍ പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒറ്റക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്, നിബന്ധനകള്‍ക്കു വിധേയമായി ‘മഹ്‌റം’ (വിവാഹം നിഷിദ്ധമായ രക്തബന്ധു) പുരുഷന്മാര്‍ കൂടെയില്ലാതെ ഹജ്ജ് ചെയ്യാമെന്ന സഊദി അറേബ്യന്‍ തീരുമാനമാണ് തന്റെ ക്രെഡിറ്റായി കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കം നടത്തിയത്. സഊദി അറേബ്യ നടപ്പാക്കിയ ഈ സമാശ്വാസ പദ്ധതിയെ, ബി.ജെ.പി സര്‍ക്കാറിന്റെ നേട്ടമായി മോദി വിശേഷിപ്പിച്ചതാണ് ഇപ്പോള്‍ പൊളിഞ്ഞുവീഴുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട മഹ്‌റം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിശകലനങ്ങളില്‍ വ്യക്തമാകുന്നു.

ഹജ്ജിനെത്തുന്ന സ്ത്രീകളുടെ കൂടെ ‘മഹ്‌റം’ ആയ പുരുഷന്‍ (പിതാവ്, ഭര്‍ത്താവ്, മകന്‍, രക്തബന്ധമുള്ള മറ്റാരെങ്കിലും) കൂടെയുണ്ടാകണമെന്നാണ് സഊദി നിയമം. 2012-ല്‍ മഹ്‌റം കൂടെയില്ലാതെ നൈജീരിയയില്‍ നിന്നു വന്ന ആയിരത്തിലധികം വനിതകളെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കാതെ മടക്കിയയച്ച നടപടി വിവാദമായിരുന്നു. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ഈയിടെ സഊദി മഹ്‌റം വിഷയത്തില്‍ ഭേദഗതിക്ക് തയ്യാറായി.

45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി മഹ്‌റമുകളുടെ അകമ്പടിയില്ലാതെ ഹജ്ജ് ചെയ്യാം എന്നായിരുന്നു ഭേദഗതി. കര്‍മ ശാസ്ത്രരീതി (മദ്ഹബ്) കള്‍ക്ക് അനുസൃതമായി, മഹ്‌റമിന്റെ സാക്ഷ്യപത്രത്തോടെ സ്ത്രീകള്‍ക്ക് കൂട്ടമായി ഹജ്ജിനെത്താം എന്നതാണ് പുതിയ രീതി. ഈ രീതി പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള വനിതാ തീര്‍ത്ഥാടകര്‍ക്കും ഈ വര്‍ഷം മുതല്‍ മഹ്‌റം കൂടെയില്ലാതെ ഹജ്ജ് ചെയ്യാന്‍ കഴിയും.
എന്നാല്‍, മഹ്‌റം വിഷയത്തിലെ ഈ പരിഷ്‌കാരം താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ നയമാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്.

‘മഹ്‌റം’ സമ്പ്രദായത്തെപ്പറ്റി ആദ്യം കേട്ടപ്പോള്‍, അതൊക്കെ നടക്കുന്നുണ്ടോ എന്നാണ് ഞാന്‍ അത്ഭുതപ്പെട്ടത്. ആരായിരിക്കും അത്തരം നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവുക? എന്തിനാണീ വിവേചനം? ഈ വിഷയം ആഴത്തില്‍ പഠിച്ചപ്പോള്‍, സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു എന്ന് കാണാന്‍ കഴിഞ്ഞു. പതിറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകള്‍ക്കുമേല്‍ അനീതി അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അതേപ്പറ്റി ആരും ചര്‍ച്ച ചെയ്യുന്നില്ല. പല ഇസ്‌ലാമിക രാജ്യങ്ങളിലും ഇല്ലാത്ത രീതിയാണിത്. ഈ വിഷയം പരിഗണിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു എന്നത് സന്തോഷകരമാണ്… എന്നായിരുന്നു മോദിയുടെ മന്‍ കി ബാത്ത് പ്രസ്താവന.സഊദി കൊണ്ടുവന്ന ഇളവിന്റെ ഖ്യാതി തട്ടിയെടുക്കാനുള്ള ശ്രമമാണ് മോദി ഇതിലൂടെ നടത്തുന്നത് എന്നു വ്യക്തമാണ്.

2017 ഒക്ടോബറില്‍ 2018-22 കാലയളവിലേക്കുള്ള ഹജ്ജ് നയം രൂപീകരിക്കാനുള്ള കമ്മിറ്റി നിയമിക്കപ്പെട്ടപ്പോള്‍ തന്നെ മഹ്‌റം വിഷയത്തില്‍ സഊദി നല്‍കിയ ഇളവ് പരിഗണനക്കുവന്നിരുന്നു. ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇക്കാര്യം അപ്പോള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇന്ത്യയില്‍ നിന്ന് 1,300 സ്ത്രീകളാണ് മഹ്‌റം ഇല്ലാതെ ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിരുന്നത് എന്ന് നഖ്‌വി വ്യക്തമാക്കുകയും ചെയ്തു.

സഊദി മാറ്റം കൊണ്ടുവന്നതിനാല്‍ മാത്രമാണ് ഇന്ത്യയടക്കമുള്ള ഏത് രാജ്യങ്ങള്‍ക്കും മഹ്‌റം കൂടെയില്ലാതെ വനിതകളെ ഹജ്ജിനയക്കാന്‍ കഴിയുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് റോളൊന്നുമില്ലെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രഥമ ഹജ്ജ് സെക്രട്ടറിയായിരുന്ന സഫര്‍ മഹ്മൂദ് വ്യക്തമാക്കുന്നു.

ചിലര്‍ തെറ്റിദ്ധരിച്ചത് പോലെ സ്ത്രീയുടെ സ്വഭാവ ശുദ്ധിയിലുള്ള ശങ്കയോ സ്ത്രീ-പുരുഷ വിവേചനത്താല്‍ സൃഷ്ടിക്കപ്പെട്ടതോ അല്ല ഇത്തരം വിധികള്‍. മറിച്ച് അവളുടെ സല്‍പേരും മാന്യതയും പരിരക്ഷിക്കുക എന്നതാണ്. ദുര്‍ബല മനസ്‌കരും റൗഡികളും മറ്റുമായ ആളുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് രക്ഷ നല്‍കുകയാണ് അതിന്റെ ലക്ഷ്യം. ഇക്കാലത്തെ ഹജ്ജ് യാത്ര മുന്‍കാലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. വിജനമായ മരുപ്രദേശങ്ങള്‍ താണ്ടി കള്ളന്മാരെയും കൊള്ളക്കാരെയും ഭയപ്പെട്ടായിരുന്നു മുന്‍കാലങ്ങളിലെ ഹജ്ജ് യാത്ര. ഇന്ന് കപ്പലുകളിലും വിമാനങ്ങളിലും ബസ്സുകളിലും ജനങ്ങള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നു. ഇത് യാത്ര സുരക്ഷിതമാക്കുകയും സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്‍ അകറ്റുകയും ചെയ്യുന്നു. ഒരിടത്തും സ്ത്രീ ഒറ്റപ്പെട്ട് പോകുകയില്ല.

മഹ്‌റമിന്റെ അഭാവത്തില്‍ സുരക്ഷയുറപ്പാണെങ്കില്‍ സ്ത്രീക്ക് ഹജ്ജിന് പുറപ്പെടാം എന്ന അഭിപ്രായം സ്വീകരിച്ച് നിയമപരമായ മാര്‍ഗത്തില്‍ ഹജ്ജിനും ഉംറക്കും പുറപ്പെടുന്നത് തെറ്റില്ലെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ (സ)യുടെ പത്‌നിമാര്‍ ഇപ്രകാരം മഹ്‌റമിന്റെ അഭാവത്തില്‍ ഹജ്ജ് നിര്‍വഹിച്ചിരുന്നുവെന്നും ഉമര്‍ ബിന്‍ ഖത്താബ്(റ) അതിന് അനുമതി നല്‍കിയിരുന്നുവെന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാവുന്നതാണ്. ഇസ്‌ലാമിക ലോകത്തെ പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ക്ക് ഈ അഭിപ്രായമുണ്ട്. ശാഫിഈ പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും ഈ അഭിപ്രായത്തെയാണ് പിന്തുണക്കുന്നത്. ‘സ്ത്രീ തന്റെ കാര്യത്തില്‍ സുരക്ഷിതയാണെങ്കില്‍ മഹ്‌റമില്ലാതെ തന്നെ ഹജ്ജ് ചെയ്യാമെന്ന്’ ഇമാം നവവി(റ) അഭിപ്രായപ്പെടുന്നു.

പരിശുദ്ധ കഅ്ബാലയത്തില്‍ എത്തി ഹജ്ജ് നിര്‍വഹിക്കാന്‍ സാമ്പത്തികവും ശാരീരികവും ശര്‍ഈയായും സാധിക്കുന്നവര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമായതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ‘അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്’ (ആലു ഇംറാന്‍ 97).
ശാരീരികവും സാമ്പത്തികവുമായി ശേഷിയുണ്ടാവുകയും പരിശുദ്ധ ഭൂമിയില്‍ എത്താനുള്ള മാര്‍ഗം സുരക്ഷിതമാവുകയും ചെയ്യുമ്പോഴാണ് ഒരാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകുന്നത്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബാധകമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇതിന് അവരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി മറ്റൊരു ഉപാധി കൂടി പൂര്‍ത്തിയാവേണ്ടതുണ്ട്. കൂടെ യാത്ര ചെയ്യാന്‍ ഭര്‍ത്താവോ ‘മഹ്‌റമോ’ ഉണ്ടായിരിക്കണം എന്നതാണത്. അതിനടിസ്ഥാനമായി വിവിധ നബി വചനങ്ങള്‍ വന്നിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ പറയുന്നു: ‘റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു. ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി അവളുടെ മഹ്‌റമിന്റെ സാന്നിധ്യത്തിലല്ലാതെ തനിച്ചാവരുത്. മഹ്‌റമിന്റെ കൂടെയല്ലാതെ സ്ത്രീ യാത്ര ചെയ്യരുത്.’ ഇത് കേട്ട ഒരാള്‍ എഴുന്നേറ്റ്‌നിന്ന് ബോധിപ്പിച്ചു: ‘പ്രവാചകരെ, എന്റെ ഭാര്യ ഹജ്ജിന് പുറപ്പെട്ടിരിക്കുന്നു. ഞാനാണെങ്കില്‍ ഒരു യുദ്ധത്തിന് പേരു കൊടുക്കുകയും ചെയ്തിട്ടുണ്ട്.’ അപ്പോള്‍ തിരുനബി (സ) പറഞ്ഞു: ‘നീ പോയി നിന്റെ ഭാര്യയുടെ കൂടെ ഹജ്ജ് നിര്‍വഹിക്കുക.’ ഈ നബി വചനത്തിന്റെയും സമാനമായ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ത്രീക്ക് ഹജ്ജ് നിര്‍ബന്ധമാകാന്‍ കൂടെ യാത്ര ചെയ്യാന്‍ അനുവാദമുള്ള പുരുഷന്‍ ഉണ്ടായിരിക്കണമെന്ന ഉപാധി പല പണ്ഡിതന്മാരും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വസ്തരായ യാത്രാ സംഘത്തിന്റെ കൂടെ സുരക്ഷിതരായി യാത്ര ചെയ്യാന്‍ സാഹചര്യമുണ്ടാവുകയാണെങ്കില്‍ സ്ത്രീക്ക് മഹ്‌റമിന്റെ കൂടെയല്ലാതെയും ഹജ്ജിന് പുറപ്പെടാമെന്ന മറ്റൊരഭിപ്രായവും പൂര്‍വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുണ്ട്.