വാഷിങ്ടണ്‍: ഇന്ത്യ ബിസിനസ് സൗഹൃദ രാഷ്ട്രമാണെന്നും അടുത്ത മാസം ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാകുന്നതോടെ അക്കാര്യത്തില്‍ ഒന്നുകൂടി പുരോഗതിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ എന്‍.ഡി.എ സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണെന്നും അമേരിക്കയിലെ 20 പ്രമുഖ കമ്പനികളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ അദ്ദേഹം സി.ഇ.ഒമാരോട് അഭ്യര്‍ത്ഥിച്ചു.
ടിം കുക്ക് (ആപ്പിള്‍), സുന്ദര്‍ പിച്ചൈ (ഗൂഗിള്‍), ജോണ്‍ ചേമ്പേഴ്‌സ് (സിസ്‌കോ), ജെഫ് ബെസോസ് (ആമസോണ്‍) തുടങ്ങിയവരടക്കമുള്ള സി.ഇ.ഒമാരാണ് പ്രധാനമന്ത്രിയുമായുള്ള വട്ടമേശ യോഗത്തില്‍ പങ്കെടുത്തത്. ‘കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ ഭരണം’ എന്ന നയത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ബിസിനസ് നടത്തുക എളുപ്പമാണെന്നും നിര്‍മാണം, വ്യാപാരം, വില്‍പ്പന തുടങ്ങിയ മേഖലകളില്‍ ഇന്ത്യ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
Interacted with top CEOs. We held extensive discussions on opportunities in India. pic.twitter.com/BwjdFM1DaZ
— Narendra Modi (@narendramodi) June 25, 2017
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണമാണ് ചെയ്യുക. അമേരിക്ക ശക്തമായാല്‍ ഇന്ത്യക്കും അതിന്റെ ഗുണം ലഭിക്കും. ജി.എസ്.ടി നടപ്പിലാക്കല്‍ സങ്കീര്‍ണമായ പ്രക്രിയയാണ്. അമേരിക്കയിലെ ബിസിനസ് സ്‌കൂളുകള്‍ക്ക് അതൊരു പഠന വിഷയമാക്കാം. വലിയ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നതിന്റെ തെളിവാണ് ജി.എസ്.ടി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് സര്‍ക്കാറിന്റെ ശ്രദ്ധ. – പ്രധാനമന്ത്രി പറഞ്ഞു.
Be the first to write a comment.