india

പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ യുവജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുഴുകണമെന്ന് മോദി ആഗ്രഹിക്കുന്നു; രാഹുല്‍ ഗാന്ധി

By webdesk18

November 04, 2025

ഇന്ത്യയിലെ യുവജനങ്ങള്‍ സോഷ്യല്‍ മീഡിയ റീലുകള്‍ സൃഷ്ടിക്കുന്നതില്‍ മുഴുകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ എന്നിവയില്‍ സര്‍ക്കാറിന്റെ പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘റീലുകള്‍ നിര്‍മിക്കുന്നതിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിങ്ങള്‍ അടിമപ്പെടണമെന്ന് മോദി ആഗ്രഹിക്കുന്നു…. 21ാം നൂറ്റാണ്ടിലെ പുതിയ ആസക്തിയാണിത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള അവരുടെ പ്രശ്‌നങ്ങള്‍ക്ക് തന്റെ സര്‍ക്കാറിനെ ഉത്തരവാദപ്പെടുത്താതിരിക്കുന്നത് ഉറപ്പാക്കുന്നതിനാണ് അദ്ദേഹം അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നതെന്നും’ രാഹുല്‍ പറഞ്ഞു.

ബിഹാറിലെ ഔറംഗാബാദിലും ഗയയിലും നടന്ന തുടര്‍ച്ചയായ റാലികളില്‍, ഡിജിറ്റല്‍ യുഗത്തില്‍ പ്രധാനമന്ത്രി ഒരു പുതിയ തരം ‘ആസക്തി’ വളര്‍ത്തുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നിതീഷ് കുമാറും നരേന്ദ്ര മോദിയും ഈ സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ സമ്മാനിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച അര്‍ഹരായ ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അര്‍ഹത നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.