News

യുവാക്കളെ റീല്‍സിലും പകോഡ കച്ചവടത്തിലും തളച്ചിടാനാണ് മോദിക്ക് താല്‍പര്യം: രാഹുല്‍ ഗാന്ധി

By Manya

June 08, 2026

ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കളെ റീല്‍സിലും പകോഡ കച്ചവടത്തിലും മാത്രം തളച്ചിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താല്‍പര്യമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സി.ബി.എസ്.ഇയുടെ ഓണ്‍സ്‌ക്രീന്‍ മൂല്യനിര്‍ണയ സംവിധാനത്തിലെ വന്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വിദ്യാര്‍ത്ഥികളായ സാര്‍ത്ഥക് സിദ്ധാന്ത്, നൈസര്‍ഗ അധികാരി എന്നിവരെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമക്കേട് പുറത്തുകൊണ്ടുവന്ന 18 കാരനായ സാര്‍ത്ഥകുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ എക്സിലൂടെ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യേണ്ടിയിരുന്ന അന്വേഷണാത്മക പ്രവര്‍ത്തനമാണ് ഈ കുട്ടികള്‍ നിര്‍വഹിച്ചതെന്ന് രാഹുല്‍ പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കാത്ത, കണ്ണുതുറക്കാത്ത ഒരു തലമുറയെയാണ് മോദിക്കിഷ്ടം. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുക മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയെപ്പോലും ചോദ്യമുനയില്‍ നിര്‍ത്തുന്ന ഉത്തരങ്ങള്‍ കണ്ടെത്താനും ഈ യുവാക്കള്‍ക്ക് കഴിഞ്ഞു. ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ യുവത്വത്തിന്റെ കരുത്തെന്നും രാജ്യത്തിന്റെ ഭാവി ഒരു ചതിക്കു മുന്നിലും തകരില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് നൈസര്‍ഗ എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ബിരുദ വിദ്യര്‍ത്ഥി തീര്‍ത്ഥ് പാര്‍മറും ഇതിനെ അടിവരയിട്ടു. ഇതിന്റെ തുടര്‍ച്ചയായാണ്, ഈ സംവിധാനത്തിന്റെ കരാര്‍ നല്‍കിയതില്‍ തന്നെ വലിയ അഴിമതിയുണ്ടെന്ന വെളിപ്പെടുത്തലുമായി സാര്‍ത്ഥക് രംഗത്തെത്തിയത്.