‘അറിവുള്ളതായി നടിക്കുന്നവരില്‍ ഒരാളാണ് നരേന്ദ്രമോദിയെന്ന്’ യുഎസില്‍ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
‘ഭാരത് ജോഡോ യാത്ര തടയാന്‍ സര്‍ക്കാര്‍ എല്ലാ ശക്തിയും ഉപയോഗിച്ചു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. പക്ഷേ ഒന്നും ഫലിച്ചില്ല’.. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വയം എല്ലാം അറിയുന്ന ആളാണ് താനെന്ന് നരേന്ദ്ര മോദി കരുതുന്നു. സൈനികരെയും ശാസ്ത്രജ്ഞരെയും നരേന്ദ്ര മോദി ഉപദേശിക്കുകയാണ്. അദ്ദേഹം ദൈവത്തെ പോലും പഠിപ്പിക്കാന്‍ ഒരുങ്ങുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടനയെ ആക്രമിക്കുകയാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്’. ബിജെപിയില്‍ ചോദ്യങ്ങള്‍ ഇല്ല, ഉത്തരങ്ങളെ ഉള്ളൂ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് രാഹുലിന്റെ പരാമര്‍ശം. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരം മോദി ജൂണിലാണ് യുഎസിലെത്തുന്നത്. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ അമേരിക്കയിലെത്തിയത്.