ന്യൂഡൽഹി∙ രാഹുൽ ഗാന്ധി അടുത്തയാഴ്ച ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്തു ചെലവഴിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അവർ ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ‘‘രാഹുൽ പ്രതിപക്ഷ നേതാവല്ല (LoP), മറിച്ച് ‘പര്യടൻ നേതാവാണ്’ (Leader of Paryatan)’’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.
‘‘മോദിജി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവർ എന്തിന് ചോദ്യങ്ങൾ ഉന്നയിക്കുന്നു?’’ – രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോടു മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഡിസംബർ 15 മുതൽ 20 വരെയാണ് രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം. അവിടെ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറിയിച്ചു. ‘‘പാർലമെന്റ് അംഗവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപഴ്‌സൻ സാം പിത്രോദയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും’’ – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി ഘടകം പ്രസിഡന്റ് ബൽവീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു.