india

‘മോദിയുടെ ഭയത്തിന് കാരണം എപ്സ്റ്റീന്‍ ഫയലും അദാനിക്കെതിരായ കേസും;’ രാഹുല്‍ ഗാന്ധി

By webdesk17

February 23, 2026

ന്യൂഡല്‍ഹി: എ.ഐ ഉച്ചകോടിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാത്ത സംസാരം തുടരുകയാണെന്നെന്നും നാണക്കേട് എന്താണെന്ന് താന്‍ പറഞ്ഞുതരാമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ യു.എസിന് വിറ്റതാണ് യഥാര്‍ത്ഥ നാണക്കേടെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

‘മിത്രങ്ങളായ അദാനിക്കും അംബാനിക്കും വേണ്ടി ഉചിതമായത് ചെയ്‌തോളൂ. എന്നാല്‍ രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട സംരംഭകരുടെയും സംരക്ഷണത്തിനായി നിലകൊള്ളുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയെ ഭയന്ന് ഒരടി പിന്നോട്ട് പോകില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഭയത്തിന് കാരണം മുന്‍ കരസേനാ മേധാവി എം.എം. നരവനെയോ അദ്ദേഹത്തിന്റെ പുസ്തകമോ അല്ല. മറിച്ച് എപ്സ്റ്റീന്‍ ഫയലുകളും അദാനിക്കെതിരായ കേസുകളുമാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യക്ക് നേട്ടമില്ലാത്ത യു.എസ് വ്യാപാര കരാറാണ് ഏറ്റവും വലിയ നാണക്കേടെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തെ ഡാറ്റയും കര്‍ഷകരുടെ താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് അടിയറവ് വെച്ചും അദ്ദേഹം കുറ്റപ്പെടുത്തി. അദാനിക്കെതിരായ കേസ് ബി.ജെ.പിക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കുമാണ് തിരിച്ചടിയാവുകയെന്നും രാജ്യം ഇത് തിരിച്ചറിയുന്നുണ്ടെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.