നടപ്പു സീസണില്‍ ഗോള്‍ നേട്ടത്തില്‍ ബാര്‍സലോണയുടെ സൂപ്പര്‍താരം ലയണല്‍മെസ്സിയേയും മറികടന്ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ താരം മുഹമ്മദ് സലാഹ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ പകരക്കാനായിറങ്ങി ഡബിള്‍ തികച്ച ഈജിപ്യന്‍ താരം സലാഹ്, സീസണില്‍  മേജര്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഗോള്‍
സമ്പാദ്യം പതിനാറാക്കി. മെസ്സിയുടെ സമ്പാദ്യം 15 ഗോളാണ്.

 

ആഭ്യന്തര ലീഗില്‍ ഇരുവരും 12 ഗോളുകള്‍ നേടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ നാലുഗോളുകള്‍ നേടിയാണ് സലാഹ് നിലവിലെ യുറോപ്യന്‍ സുവര്‍ണ പാദുകം ജേതാവിനെ പിന്തള്ളിയത്. മൂന്നു ഗോളാണ് മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ നടപ്പു സീസണില്‍ നേടിയത്. ബാര്‍സവിട്ട് പി.എസ്്.ജിയിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറാണ് മൂന്നാം സ്ഥാനത്ത്. സ്പാനിഷ് ലീഗില്‍ മോശം ഫോം തുടരുന്ന നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് നാലാം സ്ഥാനത്ത്. ലീഗില്‍ വെറും രണ്ടു ഗോള്‍ നേടിയ ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘടത്തില്‍ ഒമ്പതു ഗോളുകള്‍ അടിച്ചു കൂട്ടിയതാണ് നാലാം സ്ഥാനത്തിന് പോര്‍ച്ചുഗല്‍ താരത്തെ അര്‍ഹമാക്കിയത്.

ഇറ്റാലിയന്‍ ക്ലബ് എസ്.റോമയില്‍ നിന്ന് 36.9 ദശലക്ഷം യുറോ തുകക്കാണ് സലാഹ് ലിവര്‍പൂളില്‍ എത്തിയത്. ലിവര്‍പൂളില്‍ മിന്നും ഗോള്‍ ഫോം തുടരുന്ന താരം നവംബറില്‍ ആറു കളികളില്‍ നിന്നായി എട്ടു ഗോളുകളാണ് നേടിയത്.

നേരത്തെ മുഹമദ് സലാഹിന്റെ ചിറകില്‍ ഈജിപ്ത് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈജിപ്ത് ലോകകപ്പിന് ഒരുങ്ങുന്നത്.