മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ‘എമ്പുരാന്‍’ പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും മുഖപത്രത്തില്‍ പറയുന്നു. ഹിന്ദു വിരുദ്ധ അജണ്ടയാണ് എമ്പുരാനിലുളളതെന്നും 2022-ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മുഖപത്രം ആരോപിക്കുന്നു. അതേസമയം മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.
അതേസമയം എമ്പുരാന് ബോക്‌സ് ഓഫീസ് ബുക്കിംഗില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 2002-ലെ ഗോധ്ര കലാപത്തിനിടെ ഒരു മുസ്‌ലിം ഗ്രാമം കത്തുന്ന രംഗമാണ് സിനിമയുടെ ആരംഭത്തില്‍ കാണിക്കുന്നത്.
‘വിനോദത്തിന് പുറമെ ചിത്രം മുന്നോട്ട് വെക്കുന്നത് ഒരു പഴയ രാഷ്ട്രീയ അജണ്ട കൂടിയാണ്. ഒരു പാന്‍-ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ ചിത്രം വ്യാപകമായി വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോധ്രാനന്തര കലാപത്തിന്റെ സെന്‍സിറ്റീവ് വിഷയം എമ്പുരാനില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിക്കുന്നതിലൂടെ സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഒരു വിഭജനം ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. കൂടാതെ ഹിന്ദു വിരുദ്ധ ആഖ്യാനവും ചിത്രത്തിലൂടെ ലഭിക്കുന്നുണ്ടെന്ന്’ ലേഘനത്തില്‍ പറയുന്നു.
‘പൃഥ്വിരാജ് സുകുമാരന്‍ രാഷ്ട്രീയ ചായ്വുകള്‍ക്ക് പേരുകേട്ട വ്യക്തിയാണ്. ബിജെപിയുമായി സമാന്തരമായി നില്‍ക്കുന്ന ഹിന്ദു അനുകൂല സംഘത്തെയും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഒരു സമൂഹത്തെ വ്യക്തമായി ലക്ഷ്യം വെച്ചുള്ള സിനിമ അദ്ദേഹം ചെയ്യുന്നത് ഹൃദയഭേദകമാണ്.’ ഓര്‍ഗനൈസര്‍ കുറിച്ചു.
മുമ്പും ഹിന്ദുവിരുദ്ധ ദേശവിരുദ്ധ സമീപനം പൃഥ്വിരാജ് സ്വീകരിച്ചിട്ടുണ്ടെന്നും മലബാര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള സിനിമയും സി.എ.എയെ എതിര്‍ത്തതുമെല്ലാം പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ ദേശവിരുദ്ധ നടപടികളുടെ ഉദാഹരണമാണെന്നും ലേഖനത്തില്‍ പറയുന്നു. നല്ല സാമൂഹികാന്തരീക്ഷം തകര്‍ക്കാനാണ് സിനിമയിലൂടെ മുരളി ഗോപി ശ്രമിച്ചതെന്നും ആര്‍.എസ്.എസ് വിമര്‍ശിക്കുന്നുണ്ട്.
അതേസമയം റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് 100 കോടി കലക്ഷന്‍ സ്വന്തമാക്കി എമ്പുരാന്‍ ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.
സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന ഭാഗങ്ങല്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിച്ചിരിക്കുന്നത്. നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.