മലയാള സിനിമയും ഇന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’ നാളെ (ഡിസംബര്‍ 25) മുതല്‍ തിയേറ്ററുകളിലെത്തുന്നു. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്രിസ്മസ് അവധിക്കാലം മുന്നില്‍ കണ്ടുകൊണ്ട് കേരളത്തിലുടനീളം വന്‍തോതില്‍ ഫാന്‍ ഷോകളും പ്രത്യേക പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു അച്ഛന്‍-മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ശക്തമായ കഥയാണ് ചിത്രം പറയുന്നത്. വലിയ ക്യാന്‍വാസില്‍ മോഹന്‍ലാലിന്റെ മാസ്സ് പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മികച്ച വിഷ്വല്‍ ഇഫക്റ്റുകളും ഗംഭീര ആക്ഷന്‍ സീക്വന്‍സുകളും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഛായാഗ്രഹണം ആന്റണി സാംസണ്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കെ.എം. പ്രകാശാണ്. സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചത്. തെലുങ്ക് നടന്‍ റോഷന്‍ മേക്കു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഷനായ കപൂര്‍, സഹറ എസ്. ഖാന്‍ എന്നിവരാണ് നായികമാര്‍. രാഗിണി വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നും, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂറും ചേര്‍ന്നുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍. കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരെഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിങ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കേരളത്തില്‍ ചിത്രം എത്തിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. വിവിധ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന വൃഷഭ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ പ്രധാന തിയേറ്ററുകളിലെല്ലാം ചിത്രം പ്രദര്‍ശനത്തിനെത്തും. വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കാണാനുള്ള ആവേശത്തിലാണ് സിനിമാ പ്രേമികള്‍.