ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ മലയാളികളുടെ മനസില്‍ പുതിയതായി ഇടം നേടിയ താരം മുഹമ്മദ് അസ്ഹറുദ്ദീനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് കാസര്‍ക്കോട്ടുകാരനായ താരത്തെ സ്വന്തമാക്കിയത്. ഇതോടെ വിരാത് കോലിക്കൊപ്പം കളിക്കണമെന്ന ആഗ്രഹമാണ് അസ്ഹറുദ്ദീന് സാഫല്യമാവുക.

കേരളത്തിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനെ തേടി ബാംഗ്ലൂര്‍ രംഗത്തെത്തുകയായിരുന്നു. വേറെ ടീമുകള്‍ താരത്തെ സ്വന്തമാക്കാന്‍ മുന്നോട്ടു വന്നില്ല. മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.

ലീഗ് മത്സരത്തില്‍ കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ 11 സിക്‌സും ഒമ്പത് ഫോറും അടക്കം 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ഐപിഎല്‍ താരലേലത്തിലെ വിലയേറിയ താരങ്ങളിലൊരാളാകും അസ്ഹറുദ്ദീനെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.