india

നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്’: കാന്തപുരം

By webdesk17

July 15, 2025

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

നിമിഷപ്രിയയുടെ കാര്യത്തില്‍ സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്‍ ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്‍ തുടരുമെന്നും കാന്തപുരം അറിയിച്ചു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്‍ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.

ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ ചര്‍ച്ചയില്‍ ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്‍ വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി അനുമതി നല്‍കുകയും ചെയ്തു.

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ പോയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രേമകുമാരി യമനില്‍ കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.