മലയാളത്തില്‍ നടിയായി തിളങ്ങിക്കൊണ്ടിരുന്ന കാലത്താണ് കാറപകടത്തില്‍പെട്ട് നടി മോനിഷ മരിക്കുന്നത്. അപകടത്തെക്കുറിച്ച് പല രീതിയിലുള്ള വാര്‍ത്തകളും വന്നിരുന്നുവെങ്കിലും സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മരണത്തെക്കുറിച്ചുള്ള അമ്മയുടെ വെളിപ്പെടുത്തല്‍.

ആലപ്പുഴയിലെ ചേര്‍ത്തലയില്‍വെച്ചാണ് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നും കാര്‍ ഡിവൈഡറില്‍ ഇടിച്ചതായിരുന്നു അപകടകാരണമെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് സംഭവിച്ചത് ഇങ്ങനെയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിന്റെ പ്രാക്ടീസിനായി ബാംഗ്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവറും താനും ഉറങ്ങിയിരുന്നില്ല. എന്നാല്‍ മോനിഷ നല്ല ഉറക്കത്തിലായിരുന്നു. ഇടക്കിടെ ഡ്രൈവര്‍ അവളെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഡ്രൈവര്‍ ഉറങ്ങിയിട്ടല്ല അപകടമുണ്ടായതെന്ന് ഉറപ്പാണെന്ന് ശ്രീദേവി ഉണ്ണി പറഞ്ഞു.

ഒരു കെഎസ്ആര്‍ടിസി ബസ്സിന്റെ ലൈറ്റ് കണ്ടിരുന്നു. പിന്നീട് ഡോര്‍ തുറന്ന് പുറത്തേക്ക് താന്‍ തെറിച്ചു. പിന്നീട് കണ്ണുതുറന്നപ്പോഴാണ് ബസ് കാറിനെക്കൊണ്ട് പോയത് കാണുന്നത്. ചോരയില്‍ കുളിച്ചുകിടന്നിരുന്ന ഞങ്ങളെ ഒരു ഓട്ടോഡ്രൈവറാണ് രക്ഷപ്പെടുത്തിയത്. മോനിഷ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പ്രതീക്ഷയുണ്ടായിരുന്നില്ല. അന്ന് ഉറങ്ങിക്കൊണ്ടിരുന്ന മോനിഷ പിന്നീട് ഉണര്‍ന്നില്ലെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു.