india

തീവ്ര ചുഴലിക്കാറ്റായി മോന്‍താ; ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി

By webdesk17

October 28, 2025

മോന്‍താ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറിയതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും.

അതേസമയം സുരക്ഷയെ മുന്‍നിര്‍ത്തി ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ നിന്ന് 3000 പേരെ ഒഴിപ്പിച്ചതായാണ് വിവരം. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി. ടാറ്റാ നഗര്‍- എറണാകുളം എക്സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി.

നാളെയും ട്രെയിനുകള്‍ ഓടില്ലെന്നാണ് റിപ്പോര്‍ട്ട്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം- ചെന്നൈ റൂട്ടില്‍ ആറ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുകയാണ്.

ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയുള്ള മോന്‍താ വൈകിട്ടോടെ കര തൊടാനാണ് സാധ്യത. തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശ ജില്ലകളില്‍ മഴ കനത്തതോടെ ആന്ധ്രയിലെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.