കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്‍മോഹന്‍ സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നത് നല്ല ലക്ഷണമല്ലെന്നുമായിരുന്നും ഡോക്ടര്‍ സിങ് പറഞ്ഞു.
എറണാകുളത്ത് സെന്റ് തെരേസാസ് കോളജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Dr. Manmohan Singh’s visit to #Kochi helped journos like me to ask some questions regarding the state of our economy. Pic by @albin_tnie pic.twitter.com/FthUZ5L88x
— Rajesh Abraham (@pendown) November 18, 2017
നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക രംഗം അപകടസ്ഥിതിയിലാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് വിപണി ഉടന്‍ കരകയറില്ലെന്നും. അപകടസ്ഥിതി മറികടന്നെന്ന തെറ്റായ ധാരണ വേണ്ടെന്നും സിങ് വ്യക്തമാക്കി. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചു വരികയാണെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
“എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍” എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ധനകാര്യ വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശനത്തിന് വിധേയമാക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിച്ചു. കള്ളപ്പണത്തിന് എതിരായി നോട്ട് നിരോധനം ഒരു ശരിയായ നടപടിയായിരുന്നില്ല. ഭൂനികുതി അടക്കമുള്ള നികുതികള്‍ ലഘൂകരിക്കുകയായിരുന്നു വിഷയത്തില്‍ വേണ്ടിയിരുന്നതെന്നും മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. പുതിയ ഒരു നികുതി സമ്പ്രദായം കൊണ്ടുവരുമ്പോള്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് ജിഎസ്ടി നടപ്പാക്കിയത്. ഏറെ തിരക്കിട്ട് നടപ്പാക്കിയിട്ട് പരാജയപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സിങ് കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കിയ ശേഷം ജി.എസ്.ടി കൗണ്‍സില്‍ നരവധി തവണ യോഗം ചേര്‍ന്നതും നികുതി നിരക്കില്‍ മാറ്റം വരുത്തിയതും ഇതിന് തെഴിവാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ നിരക്ക് ഉയര്‍ന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാന്‍ വന്‍ അവകാശ വാദങ്ങളുമായി രംഗത്തെത്തിയിരുന്നു. റേറ്റിങ് ഉയര്‍ത്തിയത് രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ നേട്ടമായാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്.