ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി തുടരുന്നതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2020 മുതല്‍ 2026 ജനുവരി 28 വരെ സംസ്ഥാനത്ത് ആകെ 2,74,311 സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി മുഖ്യമന്ത്രി മോഹന്‍ യാദവ് നിയമസഭയില്‍ സ്ഥിരീകരിച്ചു.
ഓരോ വര്‍ഷവും ശരാശരി 45,000 കേസുകളും, പ്രതിമാസം ഏകദേശം 3,700 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതായത്, ആറു വര്‍ഷമായി ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
ഇതില്‍ 2,35,977 പേരെ കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും, 68,334 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വര്‍ഷങ്ങളിലായി കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതും ശ്രദ്ധേയമാണ്. 2020ല്‍ 30,000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 2021ല്‍ അത് 39,000 കടന്നു. 2023ല്‍ 40,000ല്‍ അധികം കേസുകളും 2025ല്‍ 31,000ത്തിലധികം കേസുകളും രേഖപ്പെടുത്തി. 2026ന്റെ ആദ്യ ആഴ്ചകളില്‍ തന്നെ 1,000ത്തിലധികം സ്ത്രീകളെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഉജ്ജൈന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഉയര്‍ന്ന കേസുകള്‍ രേഖപ്പെടുത്തുന്നത്. ഗോത്ര മേഖലകളിലും അതിര്‍ത്തി ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളും കണ്ടെത്തിയ കേസുകളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നതായി സൂചനയുണ്ട്.
അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കാണാതാകുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നു. 2025 ജനുവരി 1 മുതല്‍ 15 വരെ രണ്ടാഴ്ചക്കിടെ 807 പേരെയാണ് കാണാതായത്. ഇതില്‍ 509 പേര്‍ സ്ത്രീകളാണ്. ശരാശരി ദിവസേന 54 പേരാണ് കാണാതാകുന്നത്.
കാണാതായ 807 പേരില്‍ 191 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരില്‍ 146 പേര്‍ പെണ്‍കുട്ടികളാണ്. 616 പേര്‍ മുതിര്‍ന്നവരില്‍ 363 പേര്‍ സ്ത്രീകളാണ്. രണ്ടാഴ്ചക്കിടെ കാണാതായവരില്‍ 235 പേരെ കണ്ടെത്തിയെങ്കിലും 572 പേര്‍ ഇപ്പോഴും കണ്ടെത്താനുണ്ട്.
2025ല്‍ മാത്രം ഡല്‍ഹിയില്‍ 24,508 പേര്‍ കാണാതായി. ഇതില്‍ 14,870 പേര്‍ സ്ത്രീകളാണ്. 15,421 പേരെ കണ്ടെത്തിയെങ്കിലും 9,087 പേര്‍ ഇപ്പോഴും കാണാമറയത്താണ്.
2016 മുതല്‍ 2026 വരെ ഒരു ദശാബ്ദത്തില്‍ ആകെ 2,32,737 പേരെയാണ് ഡല്‍ഹിയില്‍ കാണാതായത്. ഇതില്‍ ഏകദേശം 1.8 ലക്ഷം പേരെ കണ്ടെത്തിയപ്പോള്‍ 52,000ത്തിലധികം പേര്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 2025 വര്‍ഷം തന്നെ ഒരു പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായ വര്‍ഷമായും രേഖപ്പെടുത്തിയിട്ടുണ്ട്.