കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ് (44)യും മകൻ സാത്വിക് (9)ഉം ആണ് മരിച്ചത്. മറ്റൊരു മകൻ ഋതിക് (11)നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാത്വിക്കും ഋതിക്കും മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടം നടന്നത്. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കാറിന്റെ അടിയിൽ കുടുങ്ങി ഏകദേശം 50 മീറ്റർ വരെ കാർ മുന്നോട്ടുനീങ്ങി.
കാറിന്റെ അടിയിൽ കുടുങ്ങിയ സാത്വിക്കിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. നിവേദിത കാറിനടുത്തും ഋതിക് റോഡരികിലും തെറിച്ചുവീണു. ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.
കുറ്റ്യാട്ടൂരിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിവേദിതയും കുട്ടികളും അപകടത്തിൽപ്പെട്ടത്.
കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറിൽ ജോലി ചെയ്യുന്ന കെ.പി. രഘുനാഥാണ് ഭർത്താവ്. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി. ഉളിയിൽ പടിക്കച്ചാൽ സ്വദേശികളായ ഇവർ കുറച്ചുകാലമായി നെല്ലൂന്നിയിലാണ് താമസം. സംസ്‌കാരം ബുധനാഴ്ച 2.30ന് പൊറോറ നിദ്രാലയത്തിൽ നടക്കും.