തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ടിക്കറ്റ് വിലയില്‍ വര്‍ധനവ് ഉണ്ടാകാനുള്ള സാധ്യത ശക്തമാകുന്നു. അഞ്ച് മുതല്‍ 15 രൂപ വരെ ടിക്കറ്റ് നിരക്ക് കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍വീസ് ചാര്‍ജും സെസും പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതി ഈ ആഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ടിക്കറ്റ് നിരക്ക് വര്‍ധനവിനെക്കുറിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുക.
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സെസ് തുക വര്‍ധിപ്പിക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. സെസ് വര്‍ധനവിലൂടെ ലഭിക്കുന്ന തുക കലാകാരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഇതിനൊപ്പം സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്താതെ തന്നെ സര്‍ക്കാര്‍ അത് അംഗീകരിക്കാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ സിനിമ പ്രേക്ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍