kerala

സി.എച്ചിന്റെ പൂങ്കാവനത്തില്‍ ഹരിത വിദ്യാര്‍ത്ഥി വസന്തം

By webdesk14

August 03, 2025

ലുഖ്മാന്‍ മമ്പാട്

പ്രിയപ്പെട്ട മക്കളേ,

കൊടുങ്കാറ്റുകള്‍ക്കെതിരില്‍, വെള്ളപ്പൊക്കങ്ങള്‍ക്കെതിരില്‍, പേമാരികള്‍ക്കെതിരില്‍ തട്ടാതെ മുട്ടാതെ അക്കരെയെത്തിച്ച ഈ പതാക നിങ്ങള്‍ ഏറ്റുവാങ്ങുക എന്നു മാത്രമെ ഞാന്‍ നിങ്ങളോട് പറയുന്നുള്ളൂ. -സി.എച്ച് മുഹമ്മദ് കോയ

1941 കര്‍ക്കിടകത്തിലെ കാര്‍മേഘം മൂടിയ ആകാശം… കൂട്ടായിയില്‍ കാറിറങ്ങി തോണിയില്‍ പൊന്നാനിയിലെത്തി, പുതുപൊന്നാനിയിലെ ഒരുള്‍ ഗ്രാമം ലക്ഷ്യമാക്കി അവര്‍ നടന്നു. മുന്നേ നയിക്കുന്ന തലവന്റെ വേഷം, കാലില്‍ ഷോക്‌സും പളപളാ മിന്നു ഷൂവും നീളന്‍ ജുബ്ബയുമാണ്; മലബാര്‍ ജില്ലാ മുസ്്‌ലിംലീഗിന്റെ അധ്യക്ഷന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. വയലിന്റെ ഒത്തനടുവില്‍ എട്ടടി വീതിയുള്ള തോട് നിറഞ്ഞൊഴുകുന്നു. മഴ ചോര്‍ന്നതേയൊളളൂ, കൂസലില്ലാതെ നീളന്‍ ജുബ്ബ് താഴ്ഭാഗമൊന്ന് പോക്കി 35 കാരനായ ബാഫഖി തങ്ങള്‍ ഒരൊറ്റച്ചാട്ടം; നനയാതെ അക്കരെയെത്തി. സഹായിയായി നാട്ടില്‍ നിന്ന് കൂടെ വന്ന സുമുഖനായ പതിനാലുകാരന്‍ പയ്യന്‍ ആദ്യമൊന്ന് അമ്പരന്നു: വാഗ്ഭടാനന്ദന്റെ പോലും പ്രശംസപിടിച്ചു പറ്റിയ കുഞ്ഞു പ്രഭാഷകന്‍ എട്ടാം ക്ലാസുകാരന്‍ സി.എച്ച് മുഹമ്മദ് കോയ. പാടവരമ്പില്‍ പിന്നോട്ട് പോയി ഓടിവന്ന് ഒരൊറ്റച്ചാട്ടത്തിന് മറുകരപറ്റി, സി.എച്ച്. ആശ്വാസത്തിന്റെ നെടുവീര്‍പ്പിനിടെ കുട്ടിയുടെ മുഖത്തു നിന്ന് കാര്യം മനസ്സിലാക്കി, പുകഉയരുന്നിടം നോക്കി നടന്നപ്പോള്‍ പ്രതീക്ഷിച്ചപോലെ ചായമക്കാനി. കട്ടന്‍കാപ്പിയും പുട്ടും കഴിക്കുന്ന അവരെ തേടിയെത്തിയ ചെറിയൊരാള്‍ക്കൂട്ടത്തോടൊപ്പം പോയി മുസ്്‌ലിംലീഗിന് ശാഖാ കമ്മിറ്റി രൂപീകരിച്ച് മരപ്പാലം ഒലിച്ചുപോയ നിറതോട് ചാടിക്കടന്ന് തിരികെ നടക്കുമ്പോള്‍ ഇരുട്ട് പരന്നിരുന്നു. കൂരിരുട്ടില്‍ ഓലച്ചൂട്ടും മിന്നിച്ച് കിലോമീറ്ററുകള്‍ നടന്ന് പൊന്നാനിയിലെത്തുമ്പേള്‍ നട്ടപ്പാതിര; പുലരാന്‍ അധികം നേരമില്ല.

1967 മാര്‍ച്ച് 6… നാല്‍പതിന്റെ പൂര്‍ണതയിലെത്തിയ ആ കുട്ടി തലയില്‍ രോമത്തൊപ്പി വെച്ച് ഗവര്‍ണര്‍ ഭഗവാന്‍ സഹായി മുമ്പാകെ പ്രതിജ്ഞചൊല്ലി; സി.എച്ച് മുഹമ്മദ് കോയ എന്ന ഞാന്‍ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്‍… മുമ്പില്‍ തൂ മന്ദഹാസം തൂകി ബാഫഖി തങ്ങള്‍. സാമ്രാജ്യത്വത്തിനെതിരെ സര്‍വ്വം ത്യജിച്ച് പോരാടി പിന്നോക്കത്തിന്റെ കാവിടിയേന്തി, വെളളംകോരികളും വിറകുവെട്ടികളുമായി പുറംതളളപ്പെട്ടവര്‍ക്കായി കയ്യൊപ്പുകള്‍ പതിഞ്ഞു. തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്‌കൂളിന് മുമ്പില്‍ കാര്‍ നിര്‍ത്തി അവിടെ നിന്ന് ഇറങ്ങിവരുന്ന പെണ്‍കുട്ടികളെ നോക്കി കണ്ണുനിറഞ്ഞ്; ഇതുപോലെ നമ്മുടെ മക്കള്‍ കലാലയങ്ങളില്‍ നിന്ന് ഇറങ്ങിവരുന്ന കാലം എപ്പോഴാണെന്ന് കെ.സി അബൂബക്കര്‍ മൗലവിയോട് ചോദിച്ച സി.എച്ചിന് മുസ്്‌ലിം-നാടാര്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ ഒരു നിവേദനത്തിന്റെയും ആവശ്യം വന്നില്ല. ബാഫഖി തങ്ങളുടെ സ്വന്തം പോക്കറ്റിലെ സ്‌കോളര്‍ഷിപ്പിന്റെ ഔദാര്യത്തില്‍ ഹൈസ്‌കൂള്‍ പഠനം സാധ്യമായ കുട്ടിക്ക് പത്താം തരം വരെ സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിക്കാന്‍ ഒരു മുന്‍ മാതൃകയും വേണ്ടിവന്നില്ല. വിസ്മയങ്ങളുടെ ചെപ്പ് ഒന്നൊന്നായി തുറക്കുകയായിരുന്നു.

1968 ജൂലൈ 23… കേരളത്തിലെ രണ്ടാമത്തെ വാഴ്‌സിറ്റിയായി കാലിക്കറ്റ് സര്‍വകലാശാല രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമ്പോള്‍ അസാധ്യമെന്ന് പലരും പറഞ്ഞതാണ് മൊട്ടിട്ടത്. 1968 ഓഗസ്റ്റ് 12 ന് തേഞ്ഞിപ്പലത്തെ മൊട്ടക്കുന്നില്‍ വാഴ്‌സിറ്റിയുടെ ശിലാഫലകം നീക്കുന്ന വിദ്യാഭ്യാസ മന്ത്രിയും ആദ്യ പ്രോ ചാന്‍സിലറുമായ സി.എച്ച് മുഹമ്മദ് കോയക്ക് നാല്‍പതിന്റെ തികവ്. ആ ചടങ്ങിനാകെ ആത്മപ്രഭയേകി ഇസ്സത്തേറും ജുബ്ബ തലയില്‍കെട്ടു വേഷവുമായി ചന്ദ്രമുഖം പ്രകാശിച്ചു; 60 കാരനായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. 1968 സെപ്തംബര്‍ 13ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണ്‍ സെന്‍ ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് വാഴ്‌സിറ്റി, 295 അഫ്‌ലിയേറ്റഡ് കോളജുകളിലെ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിവര്‍ഷം ദിശ കാണിക്കുന്നത്; സി.എച്ചിന്റെ പാവനമായ പൂങ്കാവനമാണ് കാലിക്കറ്റ് വാഴ്‌സിറ്റി.

ചരിത്രത്തില്‍ മുത്തമിട്ട്

2025 ജൂലൈ 26 ലെ കര്‍ക്കിട മഴ തോര്‍ന്നൊരു പകൽ… സി.എച്ചിന്റെ വാഴ്‌സിറ്റിയില്‍ യൂണിയന്‍ ഭരിക്കാന്‍ സീതി സാഹിബിന്റെ നാട്ടിലെ കോളജില്‍ നിന്നൊരു പെണ്‍കൊടിയെ തെരഞ്ഞെടുത്തിരിക്കുന്നു. 42 വര്‍ഷത്തിന് ശേഷം എം.എസ്.എഫിന് ചെയര്‍മാന്‍ സ്ഥാനം കൈവന്നപ്പോള്‍ പെണ്‍കൈകളിലേല്‍പ്പിച്ചതുള്‍പ്പെടെ തനിച്ച് യു.യു.സിമാരുടെ എണ്ണത്തില്‍ ഭൂരിപക്ഷം ലഭിച്ചതുള്‍പ്പെടെ എത്രയോ ചരിത്ര മുഹൂര്‍ത്തങ്ങളുടെ പെരുമ്പറയാണ് വാഴ്‌സിറ്റി അങ്കണത്തില്‍ മുഴങ്ങിയത്. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ എം.എസ്.എഫിന് ഒന്നിച്ച് ലഭിച്ചതും യു.ഡി.എസ്.എഫ് മത്സരിച്ച അഞ്ചില്‍ അഞ്ചും (എം.എസ്.എഫിന് നാലില്‍ നാല്) സെഞ്ച്വറി ഭൂരിപക്ഷത്തിന് വിജയിച്ചതും ചരിത്രത്തില്‍ ആദ്യം. ഭരണത്തിലില്ലാത്ത കാലത്ത് തുടര്‍ച്ചയായി യൂണിയന്‍ പിടിച്ചതും നടാടെ.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനില്‍ എം.എസ്.എഫ് തനിച്ച് കേവല ഭൂരിപക്ഷം ഉറപ്പാക്കിയത് ആകസ്മികമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സാക്ഷ്യപ്പെടുത്തുന്നു. 2023 ല്‍ യു.ഡി.എസ്.എഫ് ആറു വോട്ടുകള്‍ക്ക് തോറ്റ് യൂണിയന്‍ ഭരണം പിടിക്കാനാവാത്ത നിരാശ വലുതായിരുന്നു. ഘടകക്ഷിയുടെ ദൗര്‍ബല്ല്യങ്ങളെ പഴിക്കുന്നതിന് പകരം സ്വന്തം ശക്തിയും കൂട്ടായ്മയും മെച്ചുപ്പെടുത്തി എം.എസ്.എഫ് തനിച്ച് ഭൂരിപക്ഷം നേടണമെന്ന് ഞങ്ങള്‍ക്ക് വാശിയായി. കഠിനാധ്വാനത്തിലൂടെ കഴിഞ്ഞ വര്‍ഷം അന്‍പതോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു.ഡി.എസ്.എഫ് ഭരണം പിടിച്ചപ്പോഴും സംഘടനാ ശക്തിക്ക് അനുസരിച്ചുള്ള വിഹിതം ലഭിച്ചില്ലെന്ന സങ്കടമായിരുന്നു. ഇത്തവണ ഒറ്റക്ക് ജയിക്കാനുള്ള അംഗബലം നേടിതോടെ ആത്മവിശ്വാസം വര്‍ധിച്ചു. പക്ഷെ, തെരഞ്ഞെടുപ്പ് നടത്താതിരിക്കാനും അട്ടിമറിക്കാനും എസ്.എഫ്.ഐയും സി.പി.എമ്മും ഭരണത്തെ ദുരുപയോഗം ചെയ്യുക മാത്രമല്ല, കോടതികളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന് പോലും എം.എസ്.എഫിന് സമരം ചെയ്യേണ്ടി വന്നു. മൂന്നാം വര്‍ഷക്കാരെ കാലാവധി കഴിഞ്ഞെന്ന പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് തളളിക്കാനും സി.പി.എം ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയമിച്ച് അവസാന പഴുതും ഉപയോഗിക്കാനുമായിരുന്നു മറ്റൊരു ശ്രമം. വി.സി നേരിട്ട് നിരീക്ഷിക്കാനുള്ള കോടതി ഉത്തരവ് നേടിയതോടെ ആ ഓട്ടയടച്ചു. ബാലറ്റ് വിഴുങ്ങിയതും കീറിയതുമായ മുന്‍ അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ എല്ലാം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള ഉത്തരവ് ഹൈക്കോടതിയെ സമീപിച്ച് വാങ്ങി. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായ ഷിഫാനയുടെ പേരില്‍ ഹൈക്കോടതിയില്‍ പോയി പൊലീസ് പ്രൊട്ടക്ഷനും ഉറപ്പാക്കി. യു.യു.സിമാരെ അയോഗ്യരാക്കാനും തലേന്നു പോലും തിരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കാനും കോടതിയില്‍ ശ്രമിച്ചു. എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.സജല്‍, ഹിഷാം എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം കേസ്സുകളാണ് ഇതു സംബന്ധിച്ച് നടത്തി വിജയിച്ചത്; പി.കെ നവാസിന്റെ കണ്ണില്‍ നനവുപടര്‍ന്നു.

കാത്തിരിപ്പിന്റെ മധുരം

മലബാറിലെ സ്‌കൂള്‍ കോളജ് തല വിദ്യാര്‍ഥികള്‍ക്കിടയില്‍ മാത്രം ഒതുങ്ങി കഴിയുകയായിരുന്ന എംഎസ്എഫിനെ യൂണിവേഴ്സിറ്റി തലത്തില്‍ നിര്‍ണായകമായതില്‍ സര്‍സയ്യിദ് കോളജിന്റെ ഗരിമയുളള തളിപ്പറമ്പില്‍ നിന്നുള്ള അഡ്വ.ഹബീബ് റഹ്മാന്റെ പങ്ക് അനിഷേധ്യമാണ്. 1978ല്‍ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഹബീബ് തൊട്ടടുത്ത വര്‍ഷം പ്രസിഡന്റുമായി. അക്കൊല്ലം ചരിത്രത്തില്‍ ആദ്യമായി എം.എസ്.എഫിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി (പി.എം മഹ്മൂദ്) സ്ഥാനം ലഭിച്ചപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. കഠിനാധ്വാനത്തിന്റെയും തന്ത്രതതിന്റെയും ഹബീബിയന്‍ മാജിക്കില്‍ 1982ല്‍ ആദ്യമായി എം.എസ്.എഫിന് കാലിക്കറ്റ് വാഴ്‌സിറ്റി ചെയര്‍മാന്‍ പദവി തന്നെ (മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിലെ സി.എം യൂസുഫ്) ലഭിച്ചു. തൊട്ടടുത്ത വര്‍ഷവും എം.എസ്.എഫ് ചെയര്‍മാന്‍ സ്ഥാനം (ടി.പി.വി ഖാസിം) നിലനിര്‍ത്തി. മുന്നണി മര്യാതയും വിട്ടുവീഴ്ചയുമായി പിന്നീടതൊരു മരീചികയായി. 42 വര്‍ഷത്തെ വഴിദൂരത്തിലാണിപ്പോള്‍ എം.എസ്.എഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്.

കാഞ്ഞങ്ങാട്ടെ അവസാനത്തെ പ്രസംഗത്തിലും പത്താംതരം വരെയെങ്കിലും നിങ്ങളുടെ പെണ്‍കുട്ടികളെ പഠിപ്പിക്കണമേയെന്ന പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ഒസ്യത്തും സി.എച്ചിന്റെ ദൗത്യവും നിറകണ്‍ചിരിയായ് അലയടിക്കുന്ന മാറിയകാലത്തെ ക്യാമ്പസിന്റെ പരിഛേദമായി, സി.എച്ചിന്റെ വാഴ്‌സിറ്റിയില്‍ സീതിസാഹിബിന്റെ നാട്ടിലെ കോളജിലെ പെണ്‍കൊടി ചെയര്‍പേഴ്‌സണായത് കാവ്യനീതി. എസ്.എഫ്.ഐ കോട്ടയെന്ന് ഗണിച്ചിരുന്ന കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കെ.കെ.ടി.എം ഗവ.കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ പി.കെ ഷിഫാന ചരിത്രം പഠിക്കാനെത്തി ചരിത്രം രചിക്കുകയായിരുന്നു. എസ്.എഫ്.ഐയോടും കെ.എസ്.യുവിനോടും ഒരുപോലെ എതിരിട്ടാണ് എം.എസ്.എഫ് പാനലില്‍ ഷിഫാന യു.യു.സിയായത്. പദവിയല്ല, ഇതൊരു ഉത്തരവാദിത്വമാണെന്ന ഷിഫാനയുടെ ഒറ്റവരി പ്രതികരണത്തിലുണ്ട് എല്ലാം. എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി അംഗമായ അവര്‍ കൊണ്ടോട്ടി പെരിങ്കടക്കാട്ട് മേലേകളത്തിങ്കല്‍ മുജീബ് റഹ്്മാന്‍-നസീമ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ഫാത്തിമ സഫ, മുബീന, മുഹമ്മദ് സാലിഹ് എന്നിവര്‍ സഹോദരങ്ങളാണ്. ജനറല്‍ സെക്രട്ടറിയായ കോട്ടക്കല്‍ ഫറൂക്ക് എം.എ.എസ്.എഫ് കോളജിലെ സുഫിയാന്‍ വില്ലന്‍ എം.എസ്.എഫ് മണ്ഡലം നേതാവാണ്. വൈസ് ചെയര്‍മാനായ വടകര തിരുവള്ളൂര്‍ സ്വദേശിയായ എ.സി മുഹമ്മദ് ഇര്‍ഫാന്‍ ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ത്ഥിയാണ്. വൈസ് ചെയര്‍പേഴ്‌സണായ നാഫിയ ബിറ ചെത്തുകടവ് എസ്.എന്‍.ഇ.എസ് കോളജിലെ ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കൊടുവള്ളി കരീറ്റിപറമ്പ് പൂത്തംകുഴിയില്‍ അബ്ദുല്‍ ബഷീര്‍ റംല ദമ്പതികളുടെ മകള്‍. മലപ്പുറം (സല്‍മാനുല്‍ ഫാരിസ് ബിന്‍ അബ്ദുള്ള), കോഴിക്കോട് (സഫ് വാന്‍ ഷമീം) ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനങ്ങള്‍ നേടിയ എം.എസ്.എഫിന് മുന്നണിയുടെ ശാക്തിക ബലത്തില്‍ വയനാടും ലഭിക്കേണ്ടതായിരുന്നു. പക്ഷെ, … പൂരിപ്പിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ലെന്ന പി.കെ നവാസിന്റെ ഇരുത്തി മൂളലിലുണ്ട് നീലഛായ.

വേരും പൂവും

ഒരു ലക്ഷ്യം മുന്നില്‍ വെച്ച് ചിട്ടയായ പ്രവര്‍ത്തനമാണ് എം.എസ്.എഫ് ആസൂത്രണം ചെയ്തതെന്ന് പി.കെ നവാസ് പറയുന്നു. ചരിത്രത്തില്‍ നിന്ന് ആത്മാംശം ഊറ്റിയെടുക്കുന്ന വേര്, പൈതൃകം തുടങ്ങിയ ക്യാമ്പയിനുകളും സമ്മേളനങ്ങളുമായി ആശയ-സംഘടനാ അടിത്തറ ബലപ്പെടുത്തുകയായിരുന്നു ആദ്യപടി. വേരാഴം കൊണ്ട് നക്ഷത്രങ്ങളെ വേട്ടയാടാന്‍ ചങ്കൂറ്റമുണ്ടാവുമ്പോഴാണല്ലോ മാറ്റങ്ങളുടെ പറുദീസ് തുറക്കുക. ഭൂതകാലമില്ലാത്തവര്‍ക്ക് വര്‍ത്തമാനത്തിലെ നൈമിഷികതക്കപ്പുറം ഭാവിയില്ല. കുളിരും ചൂടുമേറ്റ പോയകാലം എത്ര കഠിനമാണോ, ചാഞ്ചാട്ടമില്ലാതെ മുന്നേറാനുള്ള കൈമുതലാണത്. ഹബീബ് എഡ്യുകെയറിലൂടെ 500 വിദ്യാര്‍ത്ഥികള്‍ക്കായി നാലു കോടിയോളം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന എം.എസ്.എഫ് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സ്പര്‍ശിച്ചു. തിരുവനന്തപുരം എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് മാര്‍ച്ച്, നീറ്റ് തീപന്തം സമരം തുടങ്ങി ക്ഷുഭിത യ്യൗവനം തെരുവിലും ക്യാമ്പസിലും ഒരുപോലെ ജ്വലിച്ചു. യൂണിയന്‍ നഷ്ടപ്പെട്ടതിന്റെ പക പോക്കാന്‍ സോണല്‍ കലോത്സവങ്ങളെ അലങ്കോലപ്പെടുത്താന്‍ എസ്.എഫ്.ഐക്കൊപ്പം സര്‍ക്കാറും പൊലീസും സി.പി.എമ്മും കൈകോര്‍ത്തപ്പോള്‍ ചെറുത്തു നില്‍പ്പും കോടതിയുമെല്ലാം ആവശ്യമായി. അതിന്റെ പേരില്‍ പല നേതാക്കള്‍ക്കും കല്‍തുറുങ്കില്‍ പോവേണ്ടിവന്നു.

അനന്തപുരിയില്‍ സമരം നയിച്ച് പിണറായി പൊലീസിന്റെ മര്‍ദ്ദനവും കല്‍തുറുങ്കും വരിച്ചതിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴും പുട്ടിന് തേങ്ങയിടുംപോലെ എല്ലാം കൂട്ടായ്മയുടേതാണ്, എന്റേതായി ഒന്നും പറയരുതേയെന്ന ആവര്‍ത്തനം. വിദ്യാര്‍ത്ഥികളുടെ നീതിക്കായി വഴിയില്‍ തടഞ്ഞ എം.എസ്.എഫുകാരെ തീവ്രവാദികളാക്കി രക്ഷപ്പെടാനുള്ള മന്ത്രിയുടെ ശ്രമത്തെ ഇഛാശക്തിയോടെ നേരിട്ട് നേടിയ പ്ലസ് ടു അധിക സീറ്റുകളാണ് ഇത്തവണത്തെ പ്രതിസന്ധിയില്‍ പോലും തല്‍ക്കാലത്തേക്കെങ്കിലും ആശ്വാസമായത്. ഈ കമ്മിറ്റി കാലത്ത് അവകാശ പോരാട്ടത്തിന് ജയില്‍ വരിച്ചവര്‍ 14 പേരുണ്ട്. ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, റാഷിദ് സച്ചു, ജലീല്‍, വഹാബ്, കബീര്‍ മുതുപറമ്പ്, എ.വി നബീല്‍, ഗദ്ദാഫി, നസീര്‍, അഖില്‍, മുസാഫിര്‍, അര്‍ഷദ്, സൈഫുദ്ദീന്‍, റാഷിഖ്. കാലിക്കറ്റില്‍ മാത്രമല്ല, കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളിലും എം.എസ്.എഫ് മുന്നേറ്റം പ്രകടമാണ്. കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് എം.എസ്.എഫ് പ്രതിനിധി (കായംകുളം എം.എസ്.എം കേളജിലെ ജാസ്മിന്‍) വിജയിച്ചതും ചരിത്രം. കാലിക്കറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായി നാലു പേരെ സെനറ്റിലെത്തിച്ചെന്ന് മാത്രമല്ല, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനിലേക്കും രണ്ടംഗങ്ങളെ ജയിപ്പിക്കാനായി. ആരോഗ്യ സര്‍വ്വകലാശാലയില്‍ (കുഹാസ്) ഒറ്റക്ക് 10 ല്‍ രണ്ട് സീറ്റുകള്‍ നേടിയതും കാസര്‍കോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിജയവും പരിയാരം മെഡിക്കല്‍ കോളജ് തൂത്തുവാരിയതും പോരാടിത്തന്നെ. എയ്ഡഡ് കോളജുകളെപ്പോലെ ഗവണ്‍മെന്റ് കോളജുകളിലും വലിയ പിന്തുണ ആര്‍ജ്ജിക്കാനായി. കാസര്‍കോഡ് ഗവ.കോളജ്, കണ്ണൂര്‍ കൃഷ്ണമേനോന്‍ വുമണ്‍സ് കോളജ്, കൊടുവള്ളി, നാദാപുരം, കൊണ്ടോട്ടി, കുന്ദമംഗലം, തിരൂര്‍ തുഞ്ചന്‍, എല്‍.ബി.എസ്, മലപ്പുറം തുടങ്ങി ആ പട്ടിക നീളുന്നു.

ക്യാമ്പസുകളില്‍ മാത്രല്ല, ഗ്രാമ-നഗരങ്ങളിലും താഴേ തട്ടില്‍ എം.എസ്.എഫിനെ ശക്തിപ്പെടുത്താന്‍ പല പദ്ധതികളും ആവിഷ്‌കരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രഥമ ഹയര്‍സെക്കന്ററി കോണ്‍ഫ്രന്‍സ് വലിയ വിജയമായി. ബാലകേരളം രൂപീകരിച്ച് പ്രഥമ സംസ്ഥാന സമ്മേളനം (വര്‍ണോത്സവം) മലപ്പുറത്ത് നടത്തിയപ്പോള്‍ എണ്ണായിരത്തോളം കുട്ടികളാണ് പങ്കാളികളായത്. നാളെയുടെ എം.എസ്.എഫ് ഇവരുടെ കൈകളില്‍ ഭദ്രമാണെന്ന് ഉറപ്പിച്ച് പറയാനാവുമെന്ന് നവാസ് പറയുമ്പോള്‍ ഉശിരോടെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് ആവേശം പകരുന്ന ജ്വലിക്കുന്ന വിദ്യാര്‍ത്ഥി നേതാവിന്റെ ഉള്‍ക്കനം. എം.എസ്.എഫിനിത് സമ്മേളനങ്ങളുടെ കാലമാണ്. കാലം എന്ന തലക്കെട്ടില്‍ നടക്കുന്ന കാമ്പയിനില്‍ 6,36,636 വിദ്യാര്‍ത്ഥികളാണ് അംഗത്വമെടുത്തത്. ശാഖാ, പഞ്ചായത്ത്, മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നു. എല്ലാ തലത്തിലും പുതിയ നേതൃനിരയാണ് ഉയര്‍ന്നുവരുന്നത്; തലമുറകള്‍ സജ്ജം.

ആസേതു ഹിമാചലം

1937 സെപ്തംബര്‍ ഒന്നിന് രൂപീകൃതമായ എം.എസ്.എഫിനെ മലബാറിലേക്ക് പടര്‍ത്തിയത് കെ.എം സീതി സാഹിബാണ്. 1942 ഫെബ്രുവരി 28ന് കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍ സീതി സാഹിബ് വിളിച്ചു കൂട്ടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലാണ് മലബാര്‍ ജില്ലാ എം.എസ്.എഫ് ഔദ്യോഗികമായി രൂപം കൊണ്ടത്; സി.എച്ച് നേതൃനിരയിലേക്കുയര്‍ന്നതും. ഐക്യ കേരളം പിറവിയെടുത്തതോടെ 1958 ഒക്ടോബര്‍ 15ന് ആലപ്പുഴയില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ അഡ്വ.കുഞ്ഞിമായിന്‍ പ്രസിഡന്റും അഡ്വ.ഇ അഹമ്മദ് ജനറല്‍ സെക്രട്ടറിയുമായി നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റി എം.എസ്.എഫിന് നവ ചൈതന്യമാണുണ്ടാക്കിയത്. തലമുറകള്‍ കൈമാറി പി.കെ നവാസ്-സി.കെ നജാഫ് കൂട്ടുകെട്ടിലെത്തുമ്പോള്‍ യശ്ശസ് വാനാളമുയരുന്നു. 2016 ഡിസംബര്‍ 17 ന് പാലക്കാട് നടന്ന പ്രഥമ ദേശീയ സമ്മേളനത്തില്‍ ടി.പി അഷ്‌റഫലി പ്രസിഡന്റായി നിലവില്‍ വന്ന ദേശീയ കമ്മിറ്റി ആസേതു ഹിമാചലം എം.എസ്.എഫിന് മേല്‍വിലാസമുണ്ടാക്കി. പി.വി അഹമ്മദ് സാജു-എസ്.എച്ച് മുഹമ്മദ് അര്‍ഷാദ് ടീം ഡല്‍ഹിയിലും ചെന്നൈയിലും ഹൈദ്രബാദിലും യു.പിയിലും കൊല്‍ക്കത്തയിലുമെല്ലാം ക്യാമ്പസുകളിലെ നിറ സാനിധ്യമാക്കിയിരിക്കുന്നു. നവലിബറലിസത്തെയും മതനിരാസത്തേയും ലൈംഗികാരജകത്വത്തെയും ലഹരിയിലാഴ്ത്തുന്നവരെയും വര്‍ഗീയ വിദ്വേഷ രാഷ്ട്രീയത്തെയും ഒരുപോലെ പ്രതിരോധിച്ചാണ് എം.എസ്.എഫിന്റെ മുന്നേറ്റം. പ്രിയ സി.എച്ചേ, ഹിമാലയത്തില്‍ നിന്ന് മുസ്്ലിം ലീഗ് എന്നു വിളിച്ചാല്‍ കന്യാകുമാരിയില്‍ നിന്ന് സിന്ദാബാദ് എന്ന് ഏറ്റുവിളിക്കുന്ന കാലം വരുമെന്ന അങ്ങയുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു; സ്വത്വബോധത്തിന്റെ ഹരിത വസന്ത കുളിര്‍കാറ്റേ വസന്തത്തിന്റെ ഇടിമുഴക്കം തീര്‍ക്കൂ…