Views

എം.എസ്‌.എഫ്‌ മാര്‍ച്ചിന്‌ നേരെ പോലീസ്‌ നരനായാട്ട്‌

By chandrika

March 27, 2017

കോഴിക്കോട്‌ :എസ്‌.എസ്‌.എല്‍.സി പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ വിദ്യഭ്യാസ മന്ത്രി രാജി വെക്കുക, ചോദ്യപേപ്പര്‍ ചോര്‍ന്നത്‌ വിജിലന്‍സ്‌ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ വിവിധ ഭരണസിരാകേന്ദ്രങ്ങളലേക്ക്‌ എം.എസ്‌.എഫ്‌ നടത്തിയ മാര്‍ച്ചില്‍ പോലീസ്‌ അതിക്രമവും അന്യായ അറസ്‌റ്റും.

കോഴിക്കോട്‌ കലക്ട്രേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ജലപീരങ്കിയും ടിയര്‍ഗ്യാസും കൊണ്ടാണ്‌ പോലീസ്‌ നേരിട്ടത്‌.യാതൊരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകര്‍ക്ക്‌ നേരെ പൊലീസ്‌ ജലപീരങ്കിയും ടിയര്‍ഗ്യാസും ഉപയോഗിക്കുകയായിരുന്നു.

പൊലീസ്‌ അതിക്രമത്തില്‍ എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌  മിസ്‌ഹബ്‌ കീഴരിയൂര്‍, വൈസ്‌.പ്രസിഡന്റ്‌ ഷരീഫ്‌ വടക്കയില്‍, സാബിത്ത്‌ മായനാട്‌, ഷാഫി എടച്ചേരി, മന്‍സൂര്‍ ഒഞ്ചിയം, നവാസ്‌ പുത്തലത്ത്‌, തുടങ്ങിയ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. തുടര്‍ന്ന്‌ ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ ഡി.ഡി.ഇ ഓഫീസ്‌ ഉപരോധിച്ച എം.എസ്‌.എഫ്‌ ജില്ലാ പ്രസിഡന്റ്‌ സി.കെ നജാഫ്‌ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകരെ വിട്ടയച്ചു. ന്യായമായ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ മിസ്‌ഹബ്‌ കീഴരിയൂര്‍ ജനറല്‍ സിക്രട്ടറി എം.പി നവാസ്‌ എന്നിവര്‍ മുന്നറിയിപ്പ്‌ നല്‍കി.