More

എം.എസ്.എഫ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മണ്ണാര്‍ക്കാട് ഇന്ന് ഹര്‍ത്താല്‍

By chandrika

February 25, 2018

പാലക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം. എം.എസ്.ഫ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്‌ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന്‍ സഫീര്‍ (23) ആണ് മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കോടതിപ്പടിയിലെ സ്വന്തം തുണിക്കടയില്‍ കയറി ഒരു സംഘമാളുകള്‍ സഫീറിനെ കുത്തിയതായാണ് വിവരം. സഫീറിനെ കുത്തിയ ശേഷം അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സഫീറിനെ വട്ടമ്പലത്തെ സ്വകാര്യ ആസ്പപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. എം.എസ്.എഫ് മുനിസിപ്പല്‍ സെക്രട്ടറിയും, നിയോജക മണ്ഡലം പ്രവര്‍ത്തകസമിതി അംഗവുമാണ് സഫീര്‍. ഫാത്തിമയാണ് മാതാവ്. മൃതദേഹം ഇപ്പോള്‍ വട്ടമ്പലം സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുക്കുകയാണ്.

കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിക്കുകയാണ്. സ്ഥലത്തു പോലീസ് കാവലേര്‍പ്പെടുത്തി. നേരത്തെ സിറാജുദീന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവവുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ മുസ്‌ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി രാവിലെ 6മണി മുതല്‍ വൈകുന്നേരം 6മണി വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.