ദോഹ: ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും അനാവരണം ചെയ്യുന്ന മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലെ മ്യൂസിയങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്‌സ് ഇന്‍ ലണ്ടന്‍(റിബ) പുറത്തുവിട്ട ലോകത്തെ മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ മുഷൈരിബ് മ്യൂസിയങ്ങളും ഇടംനേടി. 2018ലെ ലോകത്തെ ഏറ്റവും മികച്ച കെട്ടിടത്തിനുള്ള സാധ്യതാപട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറിലാണ് മികച്ച കെട്ടിടത്തിനുള്ള റിബ രാജ്യാന്തര പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
28 രാജ്യങ്ങളില്‍ നിന്നുള്ള 62 കെട്ടിടങ്ങളാണ് ആകെ ഇടംനേടിയിരിക്കുന്നത്. ഇതിലാണ് മുഷൈരിബ് മ്യൂസിയങ്ങളും സ്ഥാനം നേടിയത്. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള പ്രമുഖ റിയല്‍എസ്റ്റേറ്റ് വികസന കമ്പനിയായ മുഷൈരിബ് പ്രോപ്പര്‍ട്ടിസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏറ്റവും മികച്ച കെട്ടിട രൂപകല്‍പ്പനയ്ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന ഉന്നത പുരസ്‌കാരങ്ങളിലൊന്നാണ് റിബയുടേത്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴാണ് പുരസ്‌കാരനിര്‍ണയം.
പൊതു കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, തീര്‍ഥാടകസ്ഥലങ്ങള്‍, വീടുകള്‍, മ്യൂസിയങ്ങള്‍, റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, പ്രകൃതി ദുരന്തങ്ങളോടു പ്രതികരിക്കുന്ന ഡിസൈനുകള്‍ എന്നീ എട്ടുവിഭാഗങ്ങളിലായാണ് പുരസ്‌കാരം. മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലെ നാലു പൈതൃക വീടുകള്‍ അടങ്ങിയ മ്യൂസിയത്തിന് ഈ നേട്ടം സ്വന്തമാക്കാനായതില്‍ അഭിമാനമുണ്ടെന്ന് മുഷൈരിബ് പ്രോപ്പര്‍ട്ടീസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അബ്ദുല്ല അല്‍മെഹ്ഷദി പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെയും രൂപകല്‍പ്പന, എന്‍ജിനിയറിങ് പഠനങ്ങളുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെയും പങ്കാളിത്തത്താല്‍ ഭൂതകാലത്തിനിന്നുള്ള ആശയങ്ങളെ ഇന്നത്തെ കാലത്തെ സങ്കേതങ്ങള്‍ക്കും ചിന്തകള്‍ക്കുമൊപ്പം കൂട്ടിയിണക്കി പുതിയ ഖത്തരി വാസ്തുകലാഭാഷ രൂപപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള നാലു കെട്ടിടങ്ങളാണ് മ്യൂസിയങ്ങളായി നവീകരിച്ചിരിക്കുന്നത്. ബിന്‍ ജെല്‍മൂദ് ഹൗസ്, കമ്പനി ഹൗസ്, മുഹമ്മദ് ബിന്‍ ജാസിം ഹൗസ്, റദ്വാനി ഹൗസ് എന്നിവയാണ് മ്യൂസിയങ്ങളാക്കി മാറ്റിയിരിക്കുന്നത്. എണ്ണപ്പണത്തിനു മുമ്പുള്ള ഖത്തറിന്റെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഈ മ്യൂസിയങ്ങള്‍. മുഷൈരിബ് പ്രോപ്പര്‍ട്ടീസ് 2,000 കോടി റിയാല്‍ ചെലവഴിച്ച് മുഷൈരിബിലെ 3.10 ചതുരശ്രമീറ്റര്‍ സ്ഥലം ആധുനിക രീതിയില്‍ വികസിപ്പിക്കുകയാണ്.
ഈ വികസനങ്ങള്‍ക്കിടയിലാണ് പാരമ്പര്യവും പൈതൃകവും ഒട്ടുംചോരാതെ നൂറുവര്‍ഷം പഴക്കമുള്ള നാലു വീടുകള്‍ നവീകരിച്ചെടുത്ത് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. ഈ നാലു കെട്ടിടങ്ങള്‍ക്കും ഒരുപാട് കഥകള്‍ പറയാനുണ്ട്. ബിന്‍ ജല്‍മൂദ് ഹൗസ് ലോകത്ത് നൂറ്റാണ്ടുകളോളം നിലനിന്ന അടിമവ്യാപാരത്തിന്റെ ചരിത്രമാണ് സന്ദര്‍ശകര്‍ക്കുമുന്നില്‍ അനാവരണം ചെയ്യുന്നത്. ഖത്തറിലെ ആദ്യപെട്രോളിയം കമ്പനിയുടെ ഓഫിസായിരുന്നു കമ്പനി ഹൗസ്. ഇവിടെ ഖത്തറിലെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ട ചരിത്രമാണ് വെളിവാകുന്നത്. മൊഹമ്മദ് ബിന്‍ ജാസിം ഹൗസില്‍ ഇടുങ്ങിയ വഴികളോടുകൂടിയ പഴയ മുഷൈരിബ് എങ്ങനെയാണ് വലിയൊരു നഗരചത്വരമായി മാറിയതെന്നാണ് വിശദീകരിക്കുന്നത്. ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ്് ജാസിമിന്റെ പുത്രനാണ് മൊഹമ്മദ് ബിന്‍ ജാസിം ഹൗസ് സ്ഥാപിച്ചത്. 1920ല്‍ നിര്‍മിച്ച റദ്വാനി ഹൗസില്‍ ഖത്തറിലെ കുടുംബജീവിതത്തില്‍ നൂറ്റാണ്ടുകളിലൂടെ വന്ന മാറ്റവും എണ്ണകണ്ടെത്തിയതും ആദ്യമായി വൈദ്യുതിയെത്തിയതും ചിത്രീകരിച്ചിരിക്കുന്നു.
രാജ്യാന്തര വിദഗ്ധരുടെ സഹായത്തോടെ നാലുവീടുകളും പഴമയുടെ തനിമ ചോരാതെ സംരക്ഷിക്കാന്‍ 2011ലാണ് ഖത്തര്‍ ഫൗണ്ടേഷന്‍ തീരുമാനമെടുത്തത്. ഉരുളന്‍ മരക്കമ്പുകള്‍ പാകി കോണ്‍ക്രീറ്റ് തോല്‍ക്കുന്ന രീതിയില്‍ മേല്‍ക്കൂരവാര്‍ക്കുന്ന അതേ നിര്‍മാണവിദ്യയിലാണ് ഈ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചത്.