india

‘മുഹമ്മദ് സുബൈർ കൊടും ക്രിമിനൽ അല്ല’; അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി

By webdesk13

December 20, 2024

വസ്തുതാ പരിശോധന വെബ്‌സൈറ്റായ ആൾട്ട് ന്യൂസി​​ന്‍റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാലാശ്വാസവുമായി അലഹബാദ് ഹൈകോടതി. ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ ഹിന്ദുത്വ പുരോഹിതനായ യതി നരസിംഹാനന്ദി​ന്‍റെ അനു​യായികൾ നൽകിയ പരാതിയിൽ തൽക്കാലത്തേക്ക് അറസ്റ്റ് വിലക്കിയാണ് കോടതി ഉത്തരവിട്ടത്.

യതി നരസിംഹാനന്ദി​ന്‍റെ വിവാദ വിദ്വേഷപ്രസംഗത്തി​​ന്‍റെ ക്ലിപ്പ് സമുഹമാധ്യമത്തിൽ പങ്കിട്ടതിനാണ് സുബൈറിനെതിരെ യു.പി.പൊലീസ് രാജ്യ​ദ്രോഹക്കുറ്റം ചുമത്തിയത്. ‘ഇന്ത്യയുടെ പരമാധികാരവും ഐക്യവും അപകടത്തിലാക്കി’ എന്ന് ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് അലഹബാദ് ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. ‘ഭാരതീയ ന്യായ സൻഹിത’യുടെ 152ാം വകുപ്പ് ഉപയോഗിച്ചാണിത്.

തീവ്ര ഹിന്ദുത്വ ഹാൻഡിലുക​ളെ പൊതുവെയും സുബ്രഹ്മണ്യൻ സ്വാമിയെ പ്രത്യേകിച്ചും വിമർശിക്കുന്ന ഒരു പാരഡി പേജി​ന്‍റെ സ്ഥാപകൻ എന്ന നിലയിലാണ് സുബൈർ ആദ്യമായി ഇന്‍റർനെറ്റ് വാർത്താ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട്, ഗുജറാത്ത് ആസ്ഥാനമായുള്ള അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ മുകുൾ സിൻഹയുടെ മകനായ ആക്ടിവിസ്റ്റ് പ്രതീക് സിൻഹക്കൊപ്പം അദ്ദേഹം ആൾട്ട് ന്യൂസ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുസ്‍ലിം കുട്ടിയെ തല്ലാൻ മറ്റു കുട്ടികളോട് പ്രധാനാധ്യാപിക ആജ്ഞാപിക്കുന്ന വിഡിയോ പങ്കുവെച്ചതിന് യു.പി പൊലീസ് സുബൈറിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു.