തിരുവനന്തപുരം: എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയ പള്‍സര്‍ സുനി തന്റെയും ഡ്രൈവറായിരുന്നുവെന്ന് ചലച്ചിത്ര താരവും എം.എല്‍.എയുമായ മുകേഷ്. ക്രമിനില്‍ പശ്ചാതലത്തിന്റെ പേരില്‍ സുനിലിനെ താന്‍ ഒഴിവാക്കിയിരുന്നു, അയാള്‍ ഇത്രയും വലിയ ക്രിമിനലാണെന്ന്‌ അറിയില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്, പ്രതികള്‍ക്ക് എതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും മുകേഷ് വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ രണ്ടു പേര്‍ കൊടും ക്രിമിനലകുളാണെന്ന് പൊലീസ് പറയുന്നു. വടിവാള്‍ സലീമും കണ്ണൂര്‍ സ്വദേശി പ്രതീപുമാണ് പിടിയിലായത്. ഇതില്‍ വടിവാള്‍ സലീമിനെതിരെ നിരവധി കേസുകളുണ്ട്. മൊബൈല്‍ ടവര്‍ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

അതേസമയം പള്‍സര്‍ സുനിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നടിയെ അക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം ആവശ്യപ്പെട്ടു. എന്നാല്‍ നടിക്കെതിരെ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിട്ടില്ലെന്നും സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.