അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് തൊഴിലാളിയെ ഫാക്ടറി ഉടമസ്ഥനും ജീവനക്കാരും ചേര്‍ന്ന് അടിച്ചുകൊന്നു. മുകേഷ് സാവ്ജി വനിയ എന്ന നാല്‍പതുകാരനാണ് കൊല്ലപ്പെട്ടത്. രാജ്‌കോട്ട് ജില്ലയിലെ താമസക്കാരനാണ് മുകേഷ് . ഇയാളെ ഒരു ഫാക്ടറിയിലെ ഉടമസ്ഥനടക്കം മൂന്നുപേര്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സമീപത്തുണ്ടായിരുന്ന മുകേഷിന്റെ ഭാര്യ ജയയെയും ആക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ഇവരെ മാറ്റി നിര്‍ത്തിയാണ് മുകേഷിനെ കെട്ടിയിട്ട് അടിച്ചത്. തന്റെ ഭര്‍ത്താവിനെ അടിക്കുന്നത് കണ്ടു നില്‍ക്കാനാവാതെ സഹായത്തിനായി പരിചയക്കാരുടെ അടുത്തേക്ക് പോയ ജയ, പരിചയക്കാരുമായി തിരിച്ചു വന്നപ്പോള്‍ നിലത്തു കിടക്കുന്ന മുകേഷിനെയാണ് കണ്ടത്. പിന്നീട് മുകേഷിനെ രാജ്‌കോട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

 

സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരെ ഐ.പി.സി 302, എസ്.സി എസ്.ടി അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട് വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.