പുനലൂർ: മുക്കടവ് ആളുകേറാ മലയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി ചങ്ങലയിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു പെട്രോൾ പമ്പിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഒരു മാസം മുമ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കന്നാസുമായി പമ്പിൽ നിൽക്കുന്ന അനികുട്ടനെ സെപ്റ്റംബർ 17ന് വൈകിട്ട് 3.18ന് കണ്ടതായി വ്യക്തമായിരുന്നു. തുടർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് അനികുട്ടന്റെ ആധാർ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. നാടുവിട്ടിരിക്കാമെന്ന സംശയത്തെ തുടർന്ന് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ടൈൽസ് തൊഴിലാളിയായ അനികുട്ടൻ ഇരുനിറം, മെലിഞ്ഞ ശരീരം എന്നിവയുള്ളയാളാണ്. സാധാരണയായി കറുപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള ഷർട്ടും ലുങ്കിയുമാണ് വേഷം. ഇടത് കാലിന് സ്വാധീനക്കുറവുണ്ടെന്നും കാലിൽ പൊള്ളലേറ്റ് മുറിവ് ഉണങ്ങിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു. ഷോൾഡർ ബാഗ് കൈവശം സൂക്ഷിക്കുന്നതും പതിവാണ്.
ഇടത് കാലിന് സ്വാധീനമില്ലാത്ത ഒരു മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം സെപ്റ്റംബർ 23നാണ് മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും മുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ വെള്ള കന്നാസും കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തെ അനികുട്ടനിലേക്കെത്തിച്ചത്.
കൊലപാതകം നടന്നിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിയലിനായി ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്.
പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ പുനലൂർ എസ്.എച്ച്.ഒ എസ്.വി. ജയശങ്കറിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഫോൺ നമ്പറുകൾ: സി.ഐ – 9497987038 എസ്.ഐ – 9497980205 സ്റ്റേഷൻ – 0475 2222700