തിരുവനന്തപുരം: ഏറ്റവും മികച്ച യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ കണ്ട് ഞെട്ടിപ്പോയ സി.പി.എം ബി.ജെ.പി ബന്ധം ആരോപിക്കുന്നത് അവസാനത്തെ പൂഴിക്കടകന്‍ അടവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍.എസ്.എസുമായി ഒരു കാലത്തും നീക്കുപോക്ക് ഉണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എം ആരോപണം ഉന്നയിക്കുന്ന അഞ്ച് സീറ്റിലും യു.ഡി.എഫ് മിന്നുന്ന വിജയം നേടുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പരിഭ്രാന്തിയും മുന്‍കൂര്‍ ജാമ്യം തേടലുമാണ് ഈ പ്രസ്താവനയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബി.ജെ.പി-സി.പി.എം ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവ്ലിന്‍ കേസില്‍ കാണുന്നത്. ജഡ്ജിമാര്‍ വാദം കേള്‍ക്കാന്‍ തയ്യാറായിട്ടും സി.ബി.ഐ. ആവശ്യപ്പെട്ട് കേസ് തുടരെ തുടരെ മാറ്റി വെക്കുന്നത് മുഖ്യമന്ത്രി പിണറായിയെ സഹായിക്കാനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
1977 ല്‍ സി.പി.എം ജനസംഘം ഉള്‍പ്പെടുന്ന ജനതാ പാര്‍ട്ടിയും തമ്മില്‍ പരസ്യമായ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. വസ്തുത ഇതായിരിക്കെ സി.പി.എം മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.