Culture

എന്‍ഡോസള്‍ഫാന്‍: ഇടതുപക്ഷത്തിന് രണ്ടു നിലപാടെന്ന് മുല്ലപ്പള്ളി

By chandrika

February 03, 2019

മലപ്പുറം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു നിലപാടും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മറ്റൊരു നിലപാടുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുമ്പ് ഇരകളെ സെക്രട്ടേറിയറ്റിന് മുമ്പില്‍ കൊണ്ടിരുത്തി സമരം ചെയ്തവരാണ് ഇപ്പോള്‍ സമരത്തെ പരിഹസിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യമന്ത്രി ഉടന്‍ പരിഹാരം കാണണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സമരക്കാരുമായി ചര്‍ച്ച നടത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സുധീരന്‍ പറഞ്ഞു.

മാറിമാറി വന്ന സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ പലവിധ പദ്ധതികള്‍ കൊണ്ടു വന്നിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.