ഇടുക്കി: ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ തമിഴ്്‌നാട് മുന്നറിയിപ്പ് നല്‍കി. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140ലെത്തിയാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും.

കുമളി, അടിമാലി ഉള്‍പെടെയുള്ള മേഖലകളില്‍ മഴ ശക്തമായതോടെയാണ് ഡാമിലെ ജലനിരപ്പ് കൂടിയത്.

ഇടുക്കിയിലും കോട്ടയത്തുമായി കനത്ത മഴയാണ് പെയ്തത്. തൊടുപുഴ നഗരത്തില്‍ രണ്ടു മണിക്കൂറിലധികം മഴ ശക്തമായി പെയ്തുകൊണ്ടേയിരുന്നു. റോഡുകളില്‍ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടു. കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്തു. പല കെട്ടിടങ്ങള്‍ക്കകത്തേക്കും വെള്ളം കയറിയതിനെ തുടര്‍ന്ന് പലരെയും മാറ്റിപ്പാര്‍പ്പിച്ചു.