മുംബൈ: ലോക്‌സഭയില്‍ മോദിക്കെതിരായ തീപ്പൊരി പ്രസംഗത്തിനു ശേഷം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി മോദിയെ സ്‌നേഹാലിംഗനം ചെയ്ത ചിത്രം പോസ്റ്ററാക്കി കോണ്‍ഗ്രസ്. ലോക്‌സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അവസാനമാണ് രാഹുല്‍ മോദിയെ ആലിംഗനം ചെയ്തത്. നിങ്ങള്‍ എന്നെ പപ്പുവെന്നും മറ്റും വിളിച്ച് അധിക്ഷേപിക്കുമായിരിക്കുമെന്നും എന്നാല്‍ എനിക്ക് വെറുപ്പില്ലെന്നും പറഞ്ഞാണ് രാഹുല്‍ മോദിയെ ആലിംഗനം ചെയ്തത്. ആ അപ്രതീക്ഷിത സ്‌നേഹാലിംഗനത്തെ പോസ്റ്ററാക്കി നേട്ടം കൊയ്യുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. നമ്മള്‍ സ്‌നേഹിച്ചാണു ജയിക്കുന്നത്, വെറുപ്പു കൊണ്ടല്ല’ എന്ന വാക്യത്തോടെയാണു പോസ്റ്റര്‍ തയാറാക്കിയിട്ടുള്ളത്.

ആലിംഗന ചിത്രത്തോടൊപ്പം രാഹുല്‍, സോണിയ എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തി മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു പോസ്റ്റര്‍ സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളിലും പുറത്തും രാഹുലിന്റെ ആലിംഗനം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.