Football
ഗോവയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കി മുംബൈ ഫൈനലില്‍
പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്
ബംബോലിം: ഗോവ എഫ്.സിയെ കീഴടക്കി മുംബൈ സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങി.
ഐ.എസ്.എല്‍ ചരിത്രത്തിലാദ്യമായാണ് മുംബൈ ഫൈനലിലെത്തുന്നത്. നിശ്ചിത സമയത്ത് ഒരു ഷോട്ടുപോലും ലക്ഷ്യത്തിലേക്കടിക്കാതെയാണ് മുംബൈ പെനാല്‍ട്ടിയില്‍ വിജയിച്ച് ഫൈനലിലെത്തിയത് എന്നത് കൗതുകകരമായ കാര്യമാണ്. ഒന്‍പതാം കിക്കെടുത്ത റൗളിങ് ബോര്‍ജസാണ് ടീമിനെ ഫൈനലിലെത്തിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഭാഗ്യം ഗോവയെ തുണച്ചില്ല. ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാല്‍വസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
എക്സ്ട്രാ ടൈമിന് ശേഷം രണ്ട് ടീമുകളും ഗോള്‍കീപ്പര്‍മാരെ മാറ്റി. ഗോവയില്‍ ധീരജ് സിങ്ങിന് പകരം നവീന്‍ കുമാറും മുംബൈയില്‍ നായകന് അമരീന്ദര്‍ സിങ്ങിന് പകരം ഫുര്‍ബ ലചെന്‍പയും ഗോള്‍വല കാക്കാനെത്തി. ഫുര്‍ബയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പെനാല്‍ട്ടി ഷൂട്ടൗട്ടായിരുന്നു മത്സരത്തില്‍ പിറന്നത്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫുര്‍ബയും നവീനും തകര്‍പ്പന്‍ ഫോമില്‍ കളിച്ചതോടെ ഇരുടീമുകളും വിയര്‍ത്തു. ഗോവയുടെ എഡു ബേഡിയയാണ് ആദ്യ കിക്കെടുത്തത്. ഇത് തട്ടിയകറ്റി ഫുര്‍ബ മുംബൈയ്ക്ക് കളി അനുകൂലമാക്കി. മുംബൈയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഒഗ്ബെച്ചെ അനായാസം പന്ത് വലയിലെത്തിച്ചതോടെ മുംബൈ 1-0 ന് മുന്നില്‍ കയറി. ഗോവയുടെ രണ്ടാം കിക്കെടുത്ത ബ്രാന്റണ്‍ ഫെര്‍ണാണ്ടസിന്റെ കിക്ക് ബാറിലിടിച്ച് തെറിച്ചതോടെ മുംബൈ വിജയം സ്വപ്നം കണ്ടു.
എന്നാല്‍ മുംബൈയ്ക്ക് വേണ്ടി രണ്ടാം കിക്കെടുത്ത ഹെര്‍നാന്‍ സന്റാനയുടെ കിക്ക് തട്ടിയകറ്റി നവീന്‍ കുമാര്‍ ഗോവയ്ക്ക് ആശ്വാസം പകര്‍ന്നു. പിന്നാലെ കിക്കെടുത്ത ഗോവയുടെ ഇഗോര്‍ അംഗൂളോ ലക്ഷ്യം കണ്ടതോടെ സ്കോര്‍ 1-1 എന്ന നിലയിലായി. മുംബൈയുടെ ബൗമസിന്റെ കിക്ക് നവീന്‍ തട്ടിയകറ്റിയതോടെ ഗോവയ്ക്ക് മുന്നില്‍ കയറാനുള്ള അവസരം ലഭിച്ചു. ഐവാന്‍ ലക്ഷ്യം കണ്ടതോടെ ഗോവ 2-1 ന് മുന്നിലെത്തി. പിന്നാലെ വന്ന റെയ്നിയര്‍ മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ സ്കോര്‍ 2-2 എന്ന നിലയിലായി.
പക്ഷേ ഗോവയുടെ നിര്‍ണായക കിക്കെടുത്ത ഡോണച്ചിയുടെ അടി പുറത്തേക്ക് പോയതോടെ ടീം വിയര്‍ത്തു. ഇതോടെ അവസാന കിക്കെടുത്താല്‍ ഫൈനല്‍ ബെര്‍ത്തുറപ്പിക്കാം എന്ന സുവര്‍ണാവസരം മുംബൈയ്ക്ക് കൈവന്നു. പക്ഷേ അഹമ്മദ് ജാഹു എടുത്ത കിക്ക് അതിമനോഹരമായി രക്ഷപ്പെടുത്തി നവീന്‍ ഗോവയ്ക്ക് ആശ്വാസം പകര്‍ന്നു. ഇതോടെ നിശ്ചിത പെനാല്‍ട്ടി ഷൂട്ടൗട്ടും സമനിലയിലായി (2-2). മത്സരം സഡന്‍ ഡെത്തിലേക്ക് നീണ്ടു.
സഡന്‍ ഡെത്തില്‍ ഗോവയ്ക്ക് വേണ്ടി ഇഷാന് പണ്ഡിതയും ഓര്‍ട്ടിസും ആദില്‍ ഖാനും ലക്ഷ്യം കണ്ടപ്പോള്‍ മുംബൈയുടെ റണവഡെയും മൊര്‍ത്താദ ഫാളും മന്ദര്‍ റാവു ദേശായിയും സ്കോര്‍ ചെയ്തു. ഇതോടെ സ്കോര്‍ 5-5 എന്ന നിലയിലായി. എന്നാല്‍ ഒന്‍പതാമത്തെ കിക്കെടുത്ത ഗോവയുടെ ഗ്ലാനിന് ലക്ഷ്യം തെറ്റി. താരത്തിന്റെ ഷോട്ട് പോസ്റ്റിന് വെളിയിലേക്ക് പോയി. ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ മുംബൈയ്ക്ക് കന്നി ഫൈനലിലേക്ക് ടിക്കറ്റെടുക്കാവുന്ന അവസരം വന്നുചേര്‍ന്നു. കിക്കെടുത്ത റൗളിങ് ബോര്‍ജസ് പന്ത് കൃത്യമായി വലയിലെത്തിച്ച് 6-5 എന്ന സ്കോറിന് മുംബൈ എഫ്സിയെ ഫൈനലിലെത്തിച്ചു.
Football
യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്ബോള്‍ അസോസിയേഷന്
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്ബോള്‍ അസോസിയേഷന് ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന് പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.
പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര് എതിര്‍ക്കുകയും രണ്ട് പേര് വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്ബോള്‍ ഭരണ സമിതികളുടെ തലവന്മാര് സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.
ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന് ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന് യുനൈറ്റഡിനെയും സ്പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്സ് തോല്പിച്ചിരുന്നു.
Football
സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.
തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന് തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.
എന്നാല്‍ ഇവാന് മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്സിക്ക് മിന്നും വിജയം നേടാനായി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

