കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമർശങ്ങള്‍ സംഘ്പരിവാർ പ്രസ്താവനയാണോ എന്ന് തോന്നുന്ന രീതിയിലുള്ളതാണെന്ന് വഖഫ് ബോർഡംഗവും മുസ്‌ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി.
‘വിചിത്രമാണ് ഹൈക്കോടതി വിധി. ഒരു കോടതി വിധിയില്‍ വരാന്‍ പാടില്ലാത്ത പരാമർശങ്ങളാണ് ഉള്ളത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ വഖഫ് ബോർഡ് നാളെ തിരുമാനമെടുക്കുമെന്നും’- മായിന്‍ ഹാജി പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്‍കിയാല്‍, ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.