വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുളള മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതിയ ഭാഗമായ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28-ന്. 50 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് വീടുകൾക്ക് തറക്കല്ലിട്ടത്. ദുരന്തബാധിതരുടെ അഭ്യർത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൾക്കായുളള സ്ഥലം ഏറ്റെടുത്തത്.